സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞെങ്കിലും വലിയ ഡാമുകളെല്ലാം നിറഞ്ഞു കിടക്കുന്നതിനാൽ വൈദ്യുതി ബോർഡ് പരമാവധി വൈദ്യുതി ഉത്പാദനം തുടരുന്നു. എല്ലാ ഡാമുകളിലുമായി ജലനിരപ്പ് 93 % ആയി. കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡ് 38.05 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.
ഇടുക്കിയിൽ നിന്നു മാത്രം 17.4 മെഗായൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇടുക്കിയിൽ 95% ജലമുണ്ട്. സംസ്ഥാനത്തെ അഞ്ച് വലിയ ജലവൈദ്യുത പദ്ധതികളിൽ നിന്നായി 26.1 മെഗാ യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റ് വലിയ ഡാമുകളായ പന്പയിൽ 92 % ഷോളയാറിൽ 94 , ഇടമലയാറിൽ 90 , കുണ്ടലയിൽ 94 , മാട്ടുപെട്ടിയിൽ 89 ശതമാനം വീതം വെളളമുണ്ട്.
സംസ്ഥാനത്തെ രണ്ടാമത്തെ വിഭാഗം വലിയ ജലവൈദ്യുത പദ്ധതികളിൽ നിന്ന് 1.5 മെഗായൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. സംസ്ഥാനത്തെ ചെറിയ ഡാമുകളിൽ 76% വെള്ളമുണ്ട്. നേര്യമംഗലം, ലോവർ പെരിയാർ, പെരിങ്ങൽകുത്ത്, ചെങ്കുളം, കക്കാട്, കല്ലട, മലങ്കര തുടങ്ങിയ പദ്ധതികളിൽ നിന്നായി 9.7 മെഗായൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 71.9 മെഗായൂണിറ്റായിരുന്നു. സംസ്ഥാനത്ത് 38.05 മെഗാ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതിനാൽ 32.5 മെഗായൂണിറ്റ് വൈദ്യുതി മാത്രമാണ് പുറത്തു നിന്നു വാങ്ങിയത്.