• Home
  • Kerala
  • മരണത്തിലും തട്ടിപ്പ്, സര്‍ക്കാര്‍ സഹായം കിട്ടാന്‍ കോവിഡ് ഫലം പോസിറ്റീവാക്കാമെന്ന് വാഗ്ദാനം.
Kerala

മരണത്തിലും തട്ടിപ്പ്, സര്‍ക്കാര്‍ സഹായം കിട്ടാന്‍ കോവിഡ് ഫലം പോസിറ്റീവാക്കാമെന്ന് വാഗ്ദാനം.

കോവിഡ് മൂലമുണ്ടാകുന്ന മരണത്തിന് സർക്കാർ ധനസഹായം ലഭിക്കാനായി പരിശോധനാഫലം പോസിറ്റീവാക്കി നൽകാമെന്ന് വാഗ്ദാനംചെയ്ത് പണം തട്ടാൻ ശ്രമം. സാധാരണ മരണംപോലും കോവിഡ് മരണമാക്കി സർട്ടിഫിക്കറ്റ് വാങ്ങിനൽകാമെന്നാണ് വാഗ്ദാനം. ഇതുവഴി സംസ്ഥാന സർക്കാരിൽനിന്ന്‌ ധനസഹായം ലഭിക്കുമെന്നു ധരിപ്പിച്ചാണ് ആളുകളെ സമീപിക്കുന്നത്.

ചിറയിൻകീഴിലും പരിസരപ്രദേശങ്ങളിലും നടക്കുന്ന മരണങ്ങൾ അറിഞ്ഞാണ് സംഘം ബന്ധുക്കളെ രഹസ്യമായി സമീപിക്കുന്നത്. കഴിഞ്ഞയാഴ്ച ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പാലിയേറ്റീവ് കെയറിൽ ചികിത്സയിൽക്കഴിഞ്ഞ പാലകുന്ന് സ്വദേശിയായ വയോധികയുടെ മരണത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. വയോധിക വാർധക്യസഹജമായ അസുഖത്തെ തുടർന്ന് 22-ന് രാവിലെ മരിച്ചു.

തുടർന്ന് കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. 23-ന് രാവിലെ പരിശോധനാഫലം വാങ്ങാൻ ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ എത്തിയ ബന്ധുക്കളോട് ഫലം വരാൻ ഒരു ദിവസംകൂടി വൈകുമെന്ന് അധികൃതർ അറിയിച്ചു. ഈ സമയം മരിച്ചയാളിന്റെ ഭർത്താവിനെ കാണാൻ വീട്ടിൽ ഒരാളെത്തുകയും ഭാര്യയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണെന്നും ഇത് പോസിറ്റീവാക്കി മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.

കോവിഡ് പരിശോധനാഫലം പോസിറ്റീവായാൽ സർക്കാരിൽനിന്ന് അൻപതിനായിരം രൂപ ലഭിക്കുമെന്നും അതിൽനിന്ന് തങ്ങൾക്ക് കുറച്ചു പണം നൽകിയാൽ മതിയെന്നുമാണ് വന്നയാൾ പറഞ്ഞത്. മൃതദേഹം വീട്ടിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള ഏർപ്പാടും ചെയ്തുതരാമെന്ന് വന്നയാൾ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, വയോധികയുടെ ബന്ധുക്കൾ ഇതിനെ എതിർക്കുകയും വന്നയാളിൽ സംശയം പ്രകടിപ്പിക്കാനും തുടങ്ങിയതോടെ അയാൾ സ്ഥലംവിടുകയായിരുന്നു.

ഈ സംഭവം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ആശുപത്രിയിൽനിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കുകയും മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തു. പരിശോധനാഫലം ലഭിക്കുന്നതിനു മുൻപ് ഫലം നെഗറ്റീവാണെന്ന് വന്നയാൾ പറഞ്ഞതാണ് ബന്ധുക്കളിൽ സംശയമുണ്ടാക്കിയത്. തുടർന്നാണ് ഇക്കാര്യം ബന്ധുക്കൾ പുറത്തുപറഞ്ഞത്. സംശയം ചിറയിൻകീഴ് താലൂക്കാശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു.

Related posts

ഫീ റൂൾ ഭേദഗതിക്കെതിരേ അഭിഭാഷകർ പ്രക്ഷോഭത്തിലേക്ക്, 17ന് കരിദിനം

Aswathi Kottiyoor

കേരളീയം 2023 നവംബർ 1 മുതൽ

Aswathi Kottiyoor

ആർഎസ്എസ് പ്രവർത്തകർക്ക് വെട്ടേറ്റു

Aswathi Kottiyoor
WordPress Image Lightbox