സംസ്ഥാനത്തെ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഉത്തരവ് പുറത്തിറക്കിയത്.
നിലവിൽ സീറ്റുകൾ കുറവുള്ള ഇടങ്ങളിൽ 10 ശതമാനവും നിലവിൽ 20 ശതമാനം വർധനവ് വരുത്തിയ ഏഴ് ജില്ലകളിൽ സീറ്റുകളുടെ ആവശ്യകതയനുസരിച്ച് സർക്കാർ സ്കൂളുകളിൽ 10 ശതമാനം വർധനവാണ് വരുത്തിയിരിക്കുന്നത്.
ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വർധനവിന് അപേക്ഷിക്കുന്നതുമായ എയ്ഡഡ് സ്കൂളുകൾക്കും അൺ എയ്ഡഡ് സ്കൂളുകൾക്കും 10 ശതമാനം സീറ്റുകൾ വർധിപ്പിക്കാൻ അനുവദിച്ചിട്ടുണ്ട്.
സീറ്റ് കൂട്ടിയിട്ടും പ്രശ്നം അവസാനിക്കുന്നില്ലെങ്കിൽ സർക്കാർ സ്കൂളുകളിൽ താത്കാലിക ബാച്ച് അനുവദിക്കാമെന്നും ഉത്തരവിൽ പറയുന്നു. എല്ലാവർക്കും സീറ്റ് ഉറപ്പാണെന്നും നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ പ്രവേശനം നടക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.