കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തലവനുമായ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചരിത്ര കൂടിക്കാഴ്ച ഇന്ന്.
പ്രാദേശിക സമയം ഇന്നു രാവിലെ 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12) മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ ഇരുവരും കൂടിക്കാണും. പ്രതിനിധിസംഘത്തെ ഒഴിവാക്കി ഇരുവരും തനിച്ചാണു കൂടിക്കാഴ്ച നടത്തുന്നത്. സന്ദർശനം അരമണിക്കൂർ നീണ്ടുനിൽക്കും.
മോദിയുമായുള്ള കൂടിക്കാഴ്ച വഴി ഇന്ത്യയുമായുള്ള വത്തിക്കാന്റെ ബന്ധം കൂടുതൽ ശക്തമാകുമെന്നു മാർപാപ്പ പ്രതീക്ഷിക്കുന്നതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വത്തിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥൻ പറഞ്ഞു.
ജി-20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി നടക്കുന്ന റോമിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ എല്ലാ മെട്രോ സ്റ്റേഷനുകളും അടച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു ചുറ്റുമുള്ള വാഹന ഗതാഗതം നിരോധിച്ചു.
അവശ്യസർവീസുകൾക്കു മാത്രമേ അനുമതിയുള്ളൂ. ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി. ഇരുവരും തമ്മിലുള്ള സ്വകാര്യ കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.