സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള 32627 ബാലസഭകളിലെ നാലര ലക്ഷം അംഗങ്ങൾക്കിടയിൽ കോവിഡ് പ്രതിരോധത്തെ കുറിച്ച് അവബോധം നൽകുന്നതിനായി സംഘടിപ്പിക്കുന്ന ‘ഒരു കുഞ്ഞുപരീക്ഷ’യുടെ രണ്ടാം ഘട്ടം 30ന് നടക്കും. കോവിഡിനെതിരേ പ്രതിരോധം തീർക്കാനുള്ള ആശയങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതോടൊപ്പം സ്വന്തം വീട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എത്രത്തോളം നടപ്പാക്കുന്നു എന്ന് നിരന്തരം വിലയിരുത്തുന്നതിന് കുട്ടികളെ സജ്ജരാക്കുന്നതിനാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള ലിങ്ക് അതത് കുടുംബശ്രീ സി.ഡി.എസ് എ.ഡി.എസ് മുഖേന ഓരോ വാർഡിലുമുള്ള ബാലസഭാംഗങ്ങൾക്ക് ലഭ്യമാക്കും. കോവിഡ് പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ച് ആകെ 25 ചോദ്യങ്ങളാണ് ഉണ്ടാവുക. രാവിലെ പത്തര മുതൽ രാത്രി പത്തര വരെയുള്ള ഏതു സമയത്തും കുട്ടികൾക്ക് ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാം. നാല് പരീക്ഷകളിൽ പങ്കെടുക്കുമ്പോൾ കോവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം കുട്ടികൾക്ക് ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനമൊട്ടാകെയുള്ള ബാലസഭാ റിസോഴ്‌സ് പേഴ്‌സൺമാർ, ബ്‌ളോക്ക് കോ-ഓർഡിനേറ്റർമാർ, സിഡിഎസ് ചെയർപേഴ്‌സൺമാർ, എ.ഡി.എസ് പ്രവർത്തകർ എന്നിവർ മുഖേനയാണ് പരീക്ഷയിൽ ബാലസഭാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നത്. സംസ്ഥാന ജില്ലാ മിഷനുകൾ ഇതിനാവശ്യമായ മേൽനോട്ടം വഹിക്കും. കോവിഡ് പ്രതിരോധ സന്ദേശങ്ങൾ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുന്നതിനായി കുടുംബശ്രീ നടത്തി വരുന്ന വിവിധ മാർഗങ്ങളുടെ തുടർച്ചയാണ് ബാലസഭാംഗങ്ങൾക്കു വേണ്ടി സംഘടിപ്പിക്കുന്ന ‘ഒരു കുഞ്ഞു പരീക്ഷ’യെന്ന ബോധവൽക്കരണ പരിപാടി.