23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കരൾ രോഗികളിൽ വിസർജ്യ ചികിത്സ മദ്യാസക്തി കുറയ്ക്കുമെന്ന് പഠനം.
Kerala

കരൾ രോഗികളിൽ വിസർജ്യ ചികിത്സ മദ്യാസക്തി കുറയ്ക്കുമെന്ന് പഠനം.

മദ്യപാനം മൂലം കരൾവീക്കമുണ്ടാകുന്ന രോഗികളിൽ (ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ്) മദ്യാസക്തി കുറയ്ക്കാൻ മനുഷ്യവിസർജ്യം ഉപയോഗിച്ചുള്ള ചികിത്സയിലൂടെ (സ്റ്റൂൾ ട്രാൻസ്പ്ലാന്റ്) സാധിക്കുമെന്നു കണ്ടെത്തൽ. രാജഗിരി ആശുപത്രിയിലെ ലിവർ ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ഹെപ്പറ്റോളജി വിഭാഗം ഫിസിഷ്യൻ സയന്റിസ്റ്റ് ഡോ. സിറിയക് അബി ഫിലിപ്സിന്റെ പഠനത്തിലാണു കണ്ടെത്തൽ.

അമേരിക്കൻ അസോസിയേഷൻ ഫോർ ദ് സ്റ്റഡി ഓഫ് ലിവർ ഡിസീസിന്റെ (എഎ എസ്എൽഡി) വാർഷിക സമ്മേളനമായ ‘ദ് ലിവർ മീറ്റിങ്ങിലെ’ സുപ്രധാനമായ പ്രസിഡൻഷ്യൽ പ്ലീനറി സെഷനിൽ 14ന് ഡോ. സിറിയക് അബി ഫിലിപ്സ് പഠനഫലം അവതരിപ്പിക്കും. ലിവർ മീറ്റിങ്ങിലെ ഏറ്റവും മികച്ച പ്രബന്ധങ്ങളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്.

സ്റ്റൂൾ ട്രാൻസ്പ്ലാന്റിനു വിധേയമായ 35 രോഗികളെ 3 വർഷം നിരീക്ഷിച്ചപ്പോൾ 71.4% പേരും പിന്നീടു മദ്യപിച്ചിട്ടില്ലെന്നും 65.7% പേരിൽ ആയുർദൈർഘ്യം വർധിച്ചുവെന്നും കണ്ടെത്തി. സ്റ്റിറോയ്ഡ് പോലുള്ള സാധാരണ ചികിത്സയ്ക്കു വിധേയരായ 26 പേരെ നിരീക്ഷിച്ചപ്പോൾ 53.8% പേരും മദ്യപാനം തുടരുന്നതായാണു കണ്ടെത്തിയത്. 38.5% പേരിൽ മാത്രമാണ് ആയുർദൈർഘ്യം കൂടുന്നതും.

മദ്യപാനം മൂലമുള്ള കരൾവീക്ക ബാധിതരിൽ സ്റ്റൂൾ ട്രാൻസ്പ്ലാന്റ് ചികിത്സ ഫലപ്രദമാണെന്ന് 2017ൽ ഡോ. സിറിയക് കണ്ടെത്തിയിരുന്നു.

രാജഗിരി ആശുപത്രിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ ഗ്യാസ്ട്രോ ഇന്റസ്റ്റനൽ സയൻസസ് ഡയറക്ടർ കുറവിലങ്ങാട് വെട്ടിക്കത്തടം ഡോ. ഫിലിപ് അഗസ്റ്റിന്റെ മകനാണു ഡോ. സിറിയക് അബി ഫിലിപ്സ്. ന്യൂഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിലാണു (ഐഎൽബിഎസ്) ഡോ. സിറിയക് ഹെപ്പറ്റോളജിയിൽ ഗവേഷണം പൂർത്തിയാക്കിയത്.

സ്റ്റൂൾ ട്രാൻസ്പ്ലാന്റ്

ആരോഗ്യമുള്ള വ്യക്തിയിൽ നിന്നു ശേഖരിക്കുന്ന വിസർജ്യം ഉപ്പുവെള്ളത്തിൽ കലർത്തി 2 തവണ ഫിൽറ്റർ ചെയ്ത ശേഷം ട്യൂബ് വഴി രോഗിയുടെ ചെറുകുടലിലേക്കു നൽകുകയാണു സ്റ്റൂൾ ട്രാൻസ്പ്ലാന്റ് രീതി. ചെറുകുടലിലുള്ള, ശരീരത്തിനു ഹാനികരമായ വസ്തുക്കൾ ഉൽപാദിപ്പിക്കുന്ന ചീത്ത അണുക്കളെ വിസർജ്യത്തിലടങ്ങിയ നല്ല അണുക്കൾ നശിപ്പിക്കുകയും നല്ല അണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു ഡോ. സിറിയക് അബി ഫിലിപ്സ് പറഞ്ഞു. 25,000 – 30,000 രൂപയാണു ചികിത്സച്ചെലവ്.

Related posts

കെ-റെയിലിന്‌ എറണാകുളത്ത്‌ രണ്ട്‌ സ്‌റ്റേഷനുകൾ; മെട്രോ, ജല മെട്രോ സർവീസുകൾ ബന്ധിപ്പിക്കും

Aswathi Kottiyoor

ജീവനെടുത്ത് ഓണ്‍ലൈന്‍ ഗെയിം; വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥി മരിച്ച നിലയിൽ .

Aswathi Kottiyoor

ഭാര്യയെയും മക്കളേയും ഓട്ടോയിലിട്ട് തീകൊളുത്തി: ഭര്‍ത്താവ് കിണറ്റില്‍ ചാടി; പട്ടിക്കാട് 3 മരണം.

Aswathi Kottiyoor
WordPress Image Lightbox