24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • രാജ്യത്തെ ബി.എഡ്. വിദ്യാഭ്യാസത്തിന്റെ ശൈലി അടിമുടി മാറുന്നു
Kerala

രാജ്യത്തെ ബി.എഡ്. വിദ്യാഭ്യാസത്തിന്റെ ശൈലി അടിമുടി മാറുന്നു

രാജ്യത്തെ ബി.എഡ്. വിദ്യാഭ്യാസത്തിന്റെ ശൈലി അടിമുടി മാറുന്നു. യോഗ്യതയ്ക്കനുസരിച്ചുള്ള ബി.എഡ്. സ്വന്തമാക്കാനുള്ള അവസരമാണ് വരുന്നത്. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ചുവടുപിടിച്ച് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യൂക്കേഷൻ (എൻ.സി.ടി.ഇ.) പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഇത് നടപ്പാക്കേണ്ടിവരും.

പ്ലസ്ടു കഴിഞ്ഞവർക്ക് നാലുവർഷംകൊണ്ട് ബിരുദപഠനംകൂടി ചേർത്തുള്ളതാണ് ആദ്യത്തേത്. ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യൂക്കേഷൻ പ്രോഗ്രാം (ഐടെപ്പ്) എന്നാണ് ഇതിന്റെ പേര്. ഹൈസ്‌കൂൾതലംവരെയുള്ള അധ്യാപകരാകാൻ 2030 മുതൽ കുറഞ്ഞ യോഗ്യത ഐടെപ്പ് ആയിരിക്കും. കേരളത്തോട് ഈ കോഴ്‌സ് തുടങ്ങുന്നതിനുള്ള അഭിപ്രായം 2018-ൽ ചോദിച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല.

ബിരുദം കഴിഞ്ഞവർക്ക് രണ്ടുവർഷംകൊണ്ട് ബി.എഡ്. എടുക്കാവുന്നതാണ് രണ്ടാമത്തേത്. നിലവിൽ ഈ സംവിധാനമാണ് മിക്ക സംസ്ഥാനങ്ങളിലുമുള്ളത്. ബിരുദാനന്തരബിരുദധാരികൾക്ക് ഒരുകൊല്ലംകൊണ്ട് പൂർത്തിയാക്കാവുന്നതാണ് മൂന്നാമത്തേത്. മൂന്ന്‌ ശൈലികൾക്കുമുള്ള പാഠ്യപദ്ധതിക്ക് രൂപംകൊടുക്കാൻ പത്തംഗ കമ്മിറ്റികൾക്ക് രൂപംനൽകിയിട്ടുണ്ട്.

ഐടെപ്പിന് തിരക്കേറും

പ്ലസ്ടു കഴിഞ്ഞ് ബിരുദമടക്കം നാലുകൊല്ലംകൊണ്ട് ബി.എഡ്. സ്വന്തമാക്കാവുന്ന ഐടെപ്പ് കോഴ്‌സാവും കൂട്ടത്തിൽ പ്രിയമുള്ളതായി മാറുക. യു.പി., ഹൈസ്‌കൂൾ അധ്യാപകജോലിക്ക് ഇപ്പോൾ പ്ലസ്ടു കഴിഞ്ഞാൽ അഞ്ചുകൊല്ലമാണ് വേണ്ടത്- മൂന്നുകൊല്ലത്തെ ബിരുദവും രണ്ടുകൊല്ലത്തെ ബി.എഡും. അതാണ് നാലുവർഷമായി കുറയുന്നത്. ബിരുദാനന്തരബിരുദമുള്ളവർക്ക് ആറുവർഷംകൊണ്ട് ബി.എഡ്. സ്വന്തമാക്കാം (3+2+1). നിലവിൽ ഇത് ഏഴുവർഷമാണ്. ബിരുദം കഴിഞ്ഞ് ബി.എഡിനുശേഷമാണ് പി.ജി.ക്ക് പോകുന്നതെങ്കിൽ ഏഴുവർഷംതന്നെ വേണ്ടിവരും. (3+2+2).

നിലവിലെ കോളേജുകൾക്ക് ചെലവേറും

പുത്തൻരീതി നടപ്പാക്കണമെങ്കിൽ ഇപ്പോഴുള്ള ബി.എഡ്. കോളേജുകൾക്ക് ഒരു ആർട്‌സ്/സയൻസ് കോളേജുകൂടി ഒപ്പം ഉണ്ടാക്കേണ്ടിവരും. എന്നാൽ, നിലവിലുള്ള ആർട്‌സ്/സയൻസ് കോളേജുകൾക്ക് അധികം ചെലവില്ലാതെ ബി.എഡ്. കോഴ്‌സ് തുടങ്ങാനുള്ള സാധ്യത തെളിയുന്നുമുണ്ട്.

കേരളത്തിന് വെല്ലുവിളി

സംസ്ഥാനത്തെ ബി.എഡ്. കോളേജുകൾക്ക് വലിയ സാമ്പത്തികച്ചെലവാണ് വരാൻ പോകുന്നത്. സർക്കാർ, എയ്ഡഡ് മേഖലയിലെ കോളേജുകളും സർവകലാശാലകൾ നടത്തുന്ന ബി.എഡ്. സെന്ററുകളുമാണ് അടിസ്ഥാനസൗകര്യമൊരുക്കാൻ പ്രയാസപ്പെടേണ്ടിവരുക. ഇത് മുൻകൂട്ടിക്കണ്ട് ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ തുടങ്ങണം.

Related posts

നിരോധനം പിൻവലിച്ചു; ഇന്ന് മുതൽ കോഴിക്കോട് ബീച്ചിലെ കടകൾ തുറക്കും

Aswathi Kottiyoor

12 പദ്ധതിക്ക്‌ ‘ഹൈസ്പീഡ്‌ ’കേരളത്തിന്‌ സിഗ്നലില്ല ; മറ്റ്‌ സംസ്ഥാനങ്ങളിലെ പദ്ധതികൾക്ക് ഉടൻ അനുമതി നൽകുന്നു.

Aswathi Kottiyoor

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും റേഷൻ കാർഡ് നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox