24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അടച്ചതുപോലെയല്ല തുറക്കുക ; സ്മാർട്ടാകാൻ 133 അങ്കണവാടികൾ.
Kerala

അടച്ചതുപോലെയല്ല തുറക്കുക ; സ്മാർട്ടാകാൻ 133 അങ്കണവാടികൾ.

കളിയും ചിരിയും നിറയുന്ന അങ്കണവാടികൾക്കിനി സ്മാർട്ടിന്റെ തലയെടുപ്പ്‌. കോവിഡ്‌ പ്രതിസന്ധിയിൽ പ്രവർത്തനം നിർത്തിവെച്ച അങ്കണവാടികളിൽ 133 എണ്ണം തുറക്കുമ്പോൾ പുത്തൻ ഭാവത്തിലാവും. ശിശു സൗഹൃദമായ വിശാല ക്ലാസ്‌ റൂം, അകത്തും പുറത്തും കളിക്കാനുള്ള സ്ഥലം, ക്രിയേറ്റീവ് സോൺ, ആധുനിക അടുക്കള, ഭക്ഷണം കഴിക്കാനുള്ള പ്രത്യേക ഇടം, മുതിർന്നവർക്കും കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ എന്നിവയാണ്‌ ഒരുങ്ങുന്നത്‌. പരിമിതമായ കളിക്കോപ്പുകളും ഇരിപ്പിടങ്ങളുമായുള്ള അങ്കണവാടി എന്ന സങ്കല്പം മാറുകയാണ്‌. 14 ജില്ലകളിലുമായി 133 അങ്കണവാടികളാണ് നിർമാണത്തിന്റെ അവസാന ഘട്ടങ്ങളിലുള്ളത്.

സമഗ്ര ശിശു വികസന പരിപാടിയുടെ ഭാഗമായി അങ്കണവാടികളെ സമൂലം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ്‌ സ്മാർട്ട് അങ്കണവാടി പദ്ധതിക്ക് തുടക്കമിട്ടത്. തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്റർ നടത്തിയ പഠനം അടിസ്ഥാനമാക്കിയാണ് സ്മാർട്ട് അങ്കണവാടികൾ സാക്ഷാത്കരിക്കാൻ സർക്കാർ തീരുമാനിച്ചത്‌. ഇതനുസരിച്ച്‌ 2020–- -21ൽ 88 ഉം 21–- -22 ലെ പദ്ധതിയിൽ 45ഉം സ്‌മാർട്‌ അങ്കണവാടികളുടെ നിർമാണത്തിന് വനിതാ ശിശു വികസന വകുപ്പ് അനുമതി നൽകി.

ഒന്നേകാൽ മുതൽ 10 സെന്റ് വരെയുള്ള സ്ഥലത്താണ്‌ സ്മാർട്ട് അങ്കണവാടി നിർമിക്കുന്നത്. 10 സെന്റിലെ കെട്ടിടത്തിനും അനുബന്ധ ചെലവിനുമായി 42,92,340 രൂപ വനിതാ ശിശു വികസന വകുപ്പ്‌ നൽകും. ഏഴര സെന്റിന് 42,42,174ഉം അഞ്ച് സെന്റിന് 32,31,328ഉം മൂന്നു സെന്റിന് 27,64,952ഉം രൂപയാണ്‌ നൽകുക. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും ചേർത്താണ് നിർമാണം പൂർത്തിയാക്കേണ്ടത്. തദ്ദേശ എൻജിയനിയറിങ് വിഭാഗത്തിനാണ് നിർമാണ മേൽനോട്ടം.

Related posts

ജീവനി കാര്‍ഷിക വിപണിയുടെ ഉദ്ഘാടനം

Aswathi Kottiyoor

മുഖ്യമന്ത്രിയും സംഘവും യൂറോപ്പ് സന്ദർശനത്തിനായി പുറപ്പെട്ടു; ആദ്യ സന്ദർശനം നോർവേയിൽ

Aswathi Kottiyoor

ഹാരിപോട്ടര്‍ താരം റോബി കോള്‍ട്രേയ്ന്‍ അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox