ഐറിഷ്, ജർമൻ ഏജൻസികൾ ചേർന്നു തയാറാക്കുന്ന ആഗോള പട്ടിണി സൂചികയിൽ (ജിഎച്ച്ഐ) 7 പോയിന്റ് പിന്നോട്ടു പോയ ഇന്ത്യയ്ക്ക് 101–ാം സ്ഥാനം. കഴിഞ്ഞ വർഷം 107 രാജ്യങ്ങളുടെ പട്ടികയിൽ 94–ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഈ വർഷം പട്ടികയിൽ 116 രാജ്യങ്ങളുണ്ട്. ചൈന, ബ്രസീൽ, കുവൈത്ത് എന്നിവയുൾപ്പെടെ 18 രാജ്യങ്ങളാണ് അഞ്ചിൽ താഴെ സ്കോർ നേടി പട്ടികയിൽ മികച്ചുനിൽക്കുന്നത്.
അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ (92), നേപ്പാൾ (76), ബംഗ്ലദേശ് (76), മ്യാൻമർ (71) എന്നിവ ഇന്ത്യയെക്കാൾ മുന്നിലാണ്. ഇന്ത്യയിലെ ദാരിദ്ര്യാവസ്ഥ ഭയപ്പെടുത്തുന്നതാണെന്നു റിപ്പോർട്ടിൽ പരാമർശിക്കുന്നു. അതേസമയം, ശിശുമരണ നിരക്ക്, വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നിവ നിയന്ത്രിക്കുന്നതിൽ ഇന്ത്യ മികച്ച നേട്ടം കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വിമർശിച്ച് പ്രതിപക്ഷം
പട്ടിണി സൂചികയിൽ ഇന്ത്യ 101–ാം സ്ഥാനത്തായതിൽ കേന്ദ്രസർക്കാരിനെ പ്രതിപക്ഷ കക്ഷികൾ വിമർശിച്ചു. മോദിക്ക് അഭിനന്ദനങ്ങൾ എന്നു കോൺഗ്രസ് നേതാവ് കപിൽ സിബൽ പരിഹസിച്ചു. യുപിഎ സർക്കാർ കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്രം ദുർബലമാക്കിയെന്നു മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി. സർക്കാരിന്റെ നയങ്ങൾ പരാജയപ്പെട്ടെന്നു സിപിഎം ആരോപിച്ചു.