സീപോർട്ട്-എയര്‍പോർട്ട് റോഡ്: എച്ച്എംടിയുടെയും എൻഎഡിയുടെയും ഭൂമി കൈമാറി; നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി

കൊച്ചി: സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിനായുള്ള എച്ച്എംടിയുടെയും എന്‍എഡിയുടെയും ഭൂമി കൈമാറി കിട്ടിയതായി മന്ത്രി പി രാജീവ്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തടസ്സം പൂര്‍ണമായും മാറ്റാന്‍ സാധിച്ചതിനാല്‍ ഇനി റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും. റോഡിനായുള്ള ഭൂമി പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് കൈമാറിക്കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് റോഡ് നിര്‍മാണത്തിനുള്ള വഴിയൊരുങ്ങിയതെന്നും മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് നിര്‍മാണത്തിലെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന എച്ച്എംടി മുതല്‍ എന്‍എഡി വരെയുള്ള ഭാഗത്തിനാണ് എച്ച്എംടി ആന്‍ഡ് എന്‍എഡി ഭൂമി ആവശ്യമായി വന്നത്. എച്ച്എംടി ഭൂമിക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരം 37.90 കോടി രൂപയും എന്‍എഡി ഭൂമിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം കണക്കാക്കിയ 23.11 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാണ് ഭൂമിഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു.




