സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങൾ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കലിൽ ബുധനാഴ്ച ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്ത് അന്തരീക്ഷച്ചുഴിയുണ്ട്. ഇതാണ് മഴയ്ക്കു കാരണമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ഇില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 11 മുതൽ 20 സെന്റിമീറ്റർവരെ മഴ പെയ്യുമെന്നാണ് പ്രവചനം.
ഇന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴാഴ്ച പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ആറുമുതൽ 11 വരെ സെന്റിമീറ്റർ മഴയാണ് പ്രവചിച്ചിട്ടുള്ളത്.