കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞെടുക്കാന്‍ കഴിയുന്ന വിധത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരേയുള്ള കേന്ദ്ര സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാനായി മാറ്റി.
ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി.പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്.
ആദ്യഡോസ് എടുത്ത് 45 ദിവസം പിന്നിട്ട തൊഴിലാളികള്‍ക്ക് രണ്ടാം ഡോസ് വാക്സിന് നല്‍കാനുള്ള അനുമതി തേടി കിറ്റെക്സ് കമ്പനി നല്കിയ ഹര്‍ജിയിലാണ് നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് നല്കാനാവുന്ന തരത്തില്‍ നടപടിയെടുക്കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വാക്സിന് ഡോസുകളുടെ ഇടവേള 12 ആഴ്ചയായി നിശ്ചയിച്ചിട്ടുള്ളതെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ദേശീയ വാക്സിന് നയത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമുണ്ടാക്കിയെന്നും കേന്ദ്ര സര്‍ക്കാര്‍ വാദിച്ചു.