23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *പണിയാകും’ വീടു പണി: സിമന്റിനും കമ്പിക്കും ഇരുമ്പുൽപന്നങ്ങൾക്കും വില കൂടി.*
Kerala

*പണിയാകും’ വീടു പണി: സിമന്റിനും കമ്പിക്കും ഇരുമ്പുൽപന്നങ്ങൾക്കും വില കൂടി.*

കണ്ണൂർ∙ കെട്ടിട നിർമാണ ഉൽപന്നങ്ങളുടെ വില വർധനയിൽ നട്ടം തിരിഞ്ഞ് ജനം. സിമന്റ്, കമ്പി, ഇരുമ്പുൽപന്നങ്ങൾ തുടങ്ങിയവയുടെയെല്ലാം വില വർധിച്ചു. കൽക്കരി പ്രതിസന്ധിയും ഇന്ധന വിലക്കയറ്റവുമാണ് പെട്ടെന്നുള്ള വലിയ വിലക്കയറ്റത്തിനു കാരണം. ബ്രാൻഡഡ് എ ഗ്രേഡ് സിമന്റിന് വില ചാക്കിന് 525 രൂപ വരെയായി ഉയർന്നു. എന്നാൽ നേരത്തെ നിർത്തിവച്ച ഡിസ്കൗണ്ട് സംവിധാനം പുനരാരംഭിക്കാൻ കമ്പനികൾ സിമന്റ് വ്യാപാരികൾക്കു നിർദേശം നൽകിയിട്ടുണ്ട്. 65 രൂപയാണ് ചാക്കിനു ഡിസ്കൗണ്ട് നൽകുക. നേരത്തെ ചാക്കിനു 410 രൂപയായിരുന്ന വിലയാണ് ഇപ്പോൾ 460 രൂപയായി ഉയർന്നത്.

വിലക്കയറ്റം എല്ലാറ്റിനും

എല്ലാ വിഭാഗത്തിലുമുള്ള ഇരുമ്പ്, സ്റ്റീൽ ഉൽപന്നങ്ങളുടെയും വില കുതിക്കുകയാണ്. ടിഎംടി കമ്പിയുടെ വില കഴിഞ്ഞ വർഷത്തെ വിലയുടെ ഇരട്ടിയോളമായി. പൈപ്പ് വില 25 ശതമാനത്തോളം വർധിച്ചു. കോവിഡ് പ്രതിസന്ധികൾ അതിജീവിക്കുന്നതിനിടെ ഉണ്ടാകുന്ന വലിയ വിലക്കയറ്റം നിർമാണ മേഖലയെ പ്രതിസന്ധിയിലാക്കും.

വില കൂട്ടുന്നത് കൽക്കരിയും എണ്ണയും

രാജ്യത്തു കൽക്കരി ക്ഷാമം രൂക്ഷമായി തുടരുകയാണ്. സ്റ്റീൽ ഉൽപന്നങ്ങളുടെ നിർമാണത്തിന് കൽക്കരി അസംസ്കൃത വസ്തുവാണ്. മുൻ വർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ കൽക്കരി ഉൽപാദനത്തിൽ 76% കുറവുണ്ട്. രാജ്യാന്തര വിപണിയിൽ കൽക്കരി വില കൂടിയത് ഇറക്കുമതിയെയും ബാധിച്ചിട്ടുണ്ട്. ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതു ചരക്കു നീക്കത്തിന്റെ ചെലവു കൂട്ടുകയാണ്.

ഇതും നിർമാണ സാമഗ്രികളുടെ വിലയിൽ പ്രതിഫലിക്കുന്നു. ഇരുമ്പ് അയിരിന്റെ കയറ്റുമതി വൻതോതിൽ ഉയർന്നതാണ് ആഭ്യന്തര വിപണിയിലെ ദൗർലഭ്യത്തിനു കാരണമെന്നും പല നിർമാണ യൂണിറ്റുകളും പൂർണ ശേഷിയിൽ പ്രവർത്തിക്കുന്നില്ലെന്നും ഓൾ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം.മുഹമ്മദ് സഗീർ പറഞ്ഞു. വിലക്കയറ്റം വിൽപന ഉയർന്നതിനാലല്ലെന്നും നിർമാണം കുറച്ചതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

സിമന്റ് വില കുറയ്ക്കാൻ സർക്കാർ ഇടപെടണം

ഏറ്റവും ഉയർന്ന നികുതി നിരക്കാണ് സിമന്റിന് ഈടാക്കുന്നത്. വിലയുടെ 28% ജിഎസ്ടിയായി സർക്കാരിനു ലഭിക്കും. നികുതി കേന്ദ്രത്തിനും സംസ്ഥാനത്തിനും പകുതി വീതമാണു ലഭിക്കുക. സിമന്റുമായുള്ള ചരക്കു നീക്കത്തിന് 12 ശതമാനമാണു ജിഎസ്ടി. ഉയർന്ന നികുതി വരുമാനം ലഭിക്കുന്നതിനാൽ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ കാര്യക്ഷമമായുണ്ടാകുന്നില്ലെന്ന പരാതി വ്യാപകമാണ്. ബില്ലിങ്ങിലെ അമിതമായ വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് സിമന്റ് ഡീലർമാർ മുൻപ് സമരം നടത്തിയെങ്കിലും സർക്കാർ ഇടപെടൽ കാര്യക്ഷമമായുണ്ടായില്ല. വില കുറയാൻ സർക്കാർ ഇടപെടൽ ആവശ്യമാണ്.

Related posts

അഴിമതി മുക്ത കേരളത്തിന് ജനജാഗ്രത വെബ്സൈറ്റ്

Aswathi Kottiyoor

ഡി.വൈ.എഫ്.ഐ.യും യുണൈറ്റഡ് മർച്ചന്റ്‌സ് ചേമ്പർ പേരാവൂരും ചേർന്ന് വിദ്യാർഥികൾക്ക് നോട്ടുബുക്കുകൾ നല്കി

Aswathi Kottiyoor

ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox