അപൂർവ ജനിതക രോഗം ബാധിച്ചവരുടെ ചികിത്സയ്ക്ക് ക്രൗഡ് ഫണ്ടിംഗിലൂടെ പണം കണ്ടെത്താനുളള സംവിധാനം ഒരുക്കുമെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനും മാനദണ്ഡമുണ്ടാക്കും. ഫണ്ട് സ്വരൂപിക്കാൻ സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്താൻ ഏജൻസിയെ നിയോഗിക്കും.
അപൂർവ രോഗം ബാധിച്ച 42 പേരുടെ ചികിത്സയ്ക്ക് 250 മുതൽ 400 കോടി വരെ കണ്ടെത്തണം. ചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളെ എംപാനൽ ചെയ്യും. ഗർഭാവസ്ഥയിൽ തന്നെ അപൂർവ രോഗം കണ്ടെത്താൻ എസ്എടിയിൽ സൗകര്യമൊരുക്കും.
അപൂർവരോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) രോഗബാധിതർക്ക് ഇലക്ട്രോണിക് വീൽചെയർ സൗജന്യമായി നൽകുമെന്നും വി.ആർ. സുനിൽകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.