ലോക നേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും അനധികൃത സ്വത്ത് വിവരം പുറത്ത് വിട്ട് പണ്ടോറ പേപ്പേഴ്‌സ്. അനധികൃത നിക്ഷേപങ്ങള്‍ക്ക് അനുകൂല നിയമങ്ങളുള്ള പനാമ, സമോവ, ബെലീസ് ഉള്‍പ്പെടെയുള്ള ദ്വീപുകളില്‍ കമ്പനികള്‍ സ്ഥാപിച്ചു നടത്തിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
90 രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം രാഷ്ട്രീയ നേതാക്കള്‍, 130 ശതകോടീശ്വരന്മാര്‍ ഉൾപ്പെടെയുള്ളവരുടെ സ്വത്ത് വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സച്ചിൻ ടെൻഡുൽക്കർ അടക്കം 300 ഇന്ത്യക്കാരും ഉൾപ്പെട്ടു. ബ്രിട്ടണിലെ കോടതിയിൽ പാപ്പരായി പ്രഖ്യാപിച്ച അനിൽ അംബാനിക്ക് 18 ഓഫ്‌ഷോർ കമ്പനികളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും ഇത്തരത്തിൽ ട്രസ്‌റ്റ് രൂപീകരിച്ചിട്ടുണ്ട്. നീരവ് മോദി സാമ്പത്തിക തട്ടിപ്പുനടത്തി ഇന്ത്യവിടുന്നതിന് ഒരുമാസം മുമ്പാണ് ഇത് രൂപീകരിച്ചത്.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ, ജോർദാൻ രാജാവ്, ഉക്രെയ്ന്‍, കെനിയ, ഇക്വഡോര്‍ പ്രസിഡന്റുമാർ, ചെക്ക് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി തുടങ്ങിയവരുടെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടും. നൂറ്റിനാൽപ്പതിലധികം മാധ്യമസ്ഥാപനങ്ങളുമായി സഹകരിച്ച് വാഷിങ്ടണ്‍ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ്സ് ആണ് വിവരം പുറത്ത് വിട്ടത്.