കോവിഡ് കാലഘട്ടത്തില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെട്ടുത്തിക്കൊണ്ട് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയായി മാറാന്‍ കേരളത്തിന് സാധിച്ചുവെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫ്യൂച്ചര്‍ സിറ്റി എഡ്യുടെക് വെഞ്ച്വേഴ്‌സിന്‍റെ ഒടിടി സ്‌കൂള്‍ പുറത്തിറക്കിക്കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നേതൃത്വത്തിലുള്ള കൂട്ടായ്മയുടെ വിജയത്തിലൂടെയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ മാതൃകയാകാന്‍ കേരളത്തിന് കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാ മേഖലകളിലുമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സാധിച്ചത് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ്. ഈ സാധ്യത മികച്ച രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലക്ക് കഴിഞ്ഞു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഡിജിറ്റല്‍ ഡിവൈസുകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാന്‍ സര്‍ക്കാറിന്‍റെ വിദ്യാകിരണം പദ്ധതിയിലൂടെ സാധിച്ചു. സാധ്യമായ എല്ലാ മേഖലകളിലും എല്ലാ കാര്യങ്ങളിലും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നതാണ് സര്‍ക്കാര്‍ നയം. ഇത്തരമൊരു കാലഘട്ടത്തില്‍ വളരെ മാതൃകാപരമായ സംരഭമാണ് ഫ്യൂച്ചര്‍ സിറ്റിയുടെ ഒടിടി സ്‌കൂള്‍ എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇ ലേണിങ്ങ് രംഗത്തെ പുതിയ ചുവടുവെപ്പായ ഫ്യൂച്ചര്‍ സിറ്റി ഒടിടി സ്‌കൂള്‍ ഇത്തരത്തിലുള്ള രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. മറ്റ് ഇ ലേണിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് വ്യത്യസ്ഥമായി റെക്കോര്‍ഡഡ് വീഡിയോ ക്ലാസുകള്‍ക്കു പുറമേ ലൈവ് വീഡിയോ ക്ലാസുകള്‍കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ് ഒടിടി സ്‌കൂളിന്‍റെ പ്രത്യേകത. വിപുലവും വൈവിധ്യമാര്‍ന്നതുമായ പ്രോഗ്രാമുകള്‍, കോഴ്‌സുകള്‍, എഡ്യു-സീരീസ് എന്നിവ ചുരുങ്ങിയ ചിലവില്‍ ലഭ്യമാക്കുന്നു എന്നതും ഒടിടി സ്‌കൂളിന്‍റെ സവിശേഷതയാണ്.
വിഷയ വിദഗ്ധരുമായുള്ള വെബിനാറുകള്‍, വിദ്യാര്‍ഥികളുടെ പുരോഗതി വിലയിരുത്തുന്നതിനുവേണ്ടി തയാറാക്കിയ അസൈന്‍മെന്‍റുകളും ടെസ്റ്റുകളും, വിവിധ പ്രായ വിഭാഗത്തില്‍പ്പെട്ടവര്‍ക്കുവേണ്ടി തയാറാക്കിയ കോഴ്‌സുകളും പ്രോഗ്രാമുകളും, ലോകമെമ്ബാടുമുള്ള വിദഗ്ധ കൗണ്‍സിലര്‍മാര്‍, വ്യവസായ വിദഗ്ധര്‍, പണ്ഡിതര്‍ എന്നിവരില്‍ നിന്നുള്ള തുടര്‍ച്ചയായ മാര്‍ഗനിര്‍ദേശവും വ്യക്തിഗത പരിശീലന പിന്തുണയും എന്നിവയെല്ലാം ഒടിടി സ്‌കൂള്‍ വാഗ്ദാനം ചെയ്യുന്നു. ക്വിസുകള്‍, ചോദ്യോത്തര സെഷനുകള്‍, സഹപാഠികളുമായി സംവദിക്കാനുള്ള അവസരം തുടങ്ങിയവയെല്ലാം ഒടിടി സ്‌കൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്താം തരം, പ്ലസ് വണ്‍, പ്ലസ് ടൂ റെഗുലര്‍ കോഴ്‌സുകളാണ് ഫ്യൂച്ചര്‍ സിറ്റി ഒടിടി പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.