ശക്തമായ മഴ തുടരുകയാണെങ്കിലും സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പ് ആശങ്കജനകമല്ലെന്ന് കെ.എസ്.ഇ.ബി വിലയിരുത്തി. ചെറിയ ചില സംഭരണികള്‍ തുറന്നു. പ്രധാന അണെക്കട്ടുകള് തുറന്നുവിടേണ്ട സാഹചര്യമില്ല.
ഇടുക്കിയില്‍ 79.86 ശതമാനമാണ് തിങ്കളാഴ്ചത്തെ ജലനിരപ്പ്. ഇടമലയാര്‍ 81.15, ബാണാസുര സാഗര്‍ 81.07 എന്നിങ്ങനെയാണ് നില. സംഭരണശേഷി അപ്പര്‍ റൂള്‍ ലെവലിന് ഏറെ താഴെ ആയതിനാല്‍ തുറന്നുവിടേണ്ട സാഹചര്യമില്ലെന്നും ബോര്‍ഡ് അറിയിച്ചു. കക്കിയില്‍ 79.38 ശതമാനമാണ് ജലനിരപ്പ്. അപ്പര്‍ റൂള്‍ ലെവലിലേക്ക് എത്താന്‍ 1.15 മീറ്റര്‍ (16.42 ദശലക്ഷം ഘന മീറ്റര്‍) കൂടി വേണം. ശബരിഗിരി പദ്ധതിയില്‍ കക്കിയിലെ ജലം ഉപയോഗിച്ച് പരമാവധി ശേഷിയില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നു.
ചെറുകിട ജലസംഭരണികളായ കുണ്ടള, പൊരിങ്ങല്‍ക്കുത്ത്, മൂഴിയാര്‍ എന്നിവ തുറന്നു. ലോവര്‍ പെരിയാര്‍ (പാമ്ബ്ല), കല്ലാര്‍ക്കുട്ടി തുടങ്ങിയവയും നിറഞ്ഞിട്ടുണ്ട്. ഇവയില്‍നിന്ന് ജലം തുറന്നുവിടും. പറമ്ബിക്കുളം-ആളിയാര്‍ കരാറിെന്റ ഭാഗമായ കേരള ഷോളയാറില്‍ രണ്ടു മെഷീനും പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിച്ചുതുടങ്ങി. പൂര്‍ണ ജലനിരപ്പിലെത്താന്‍ 1.60 അടി കൂടി വേണം. ഈ അണക്കെട്ട് തുറക്കാന്‍ സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് തമിഴ്നാട് സര്‍ക്കാറുമായി ബന്ധപ്പെട്ട് വിലയിരുത്തിവരികയാണ്. നിലവില്‍ പറമ്ബിക്കുളം ജലസംഭരണിയില്‍നിന്ന് 4400 ക്യൂസെക്സ് (124.6 ക്യൂമെക്സ്) ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. തമിഴ്നാട് ഷോളയാറില്‍നിന്ന് കേരള ഷോളയാറിലേക്ക് ജലം ഒഴുക്കുന്നില്ല. കേന്ദ്ര ജലകമീഷെന്റ കീഴിലുള്ള അരങ്ങാലിയിലെ ജലം അളക്കുന്ന സ്ഥലത്ത് ചാലക്കുടി പുഴയില്‍ 1.32 മീറ്റര്‍ മാത്രമാണ് ജലനിരപ്പ്. അപകടനില 8.10 മീറ്ററാണ്. ചാലക്കൂടി നദീതടത്തില്‍ ആശങ്കജനകമായ അവസ്ഥയില്ല.