23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കൊവാക്‌സിനുള്ള അംഗീകാരം വൈകുന്നു, കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യ സംഘടന
Kerala

കൊവാക്‌സിനുള്ള അംഗീകാരം വൈകുന്നു, കൂടുതല്‍ വിവരങ്ങള്‍ തേടി ലോകാരോഗ്യ സംഘടന

കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന കൊവാക്‌സിനുള്ള അംഗീകാരം വൈകുന്നു. ലോകാരോഗ്യ സംഘടന ഇതുവരെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം കൊവാക്‌സിന് നല്‍കിയിട്ടില്ല. ഇത് കൂടുതല്‍ വൈകുമെന്നാണ് സൂചന. അതേസമയം ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് അടക്കം ഇത് വലിയ തിരിച്ചടിയായി മാറും. കൂടുതല്‍ വിവരങ്ങള്‍ വാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കില്‍ നിന്ന് തേടാനാണ് ലോകാരോഗ്യ സംഘടന തീരുമാനിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളെയും അന്താരാഷ്ട്ര യാത്രയ്ക്കായി ഒരുങ്ങുന്നവരെയുമാണ് ഇത് കൂടുതലായും ബാധിക്കുക.

ബ്രിട്ടന്‍ അടക്കം ഇന്ത്യയുടെ വാക്‌സിന്‍ അംഗീകരിക്കാന്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യസംഘടനയുടെ തീരുമാനം വലിയ പ്രതിസന്ധികള്‍ ഇന്ത്യക്കുണ്ടാക്കും. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാതെ ഭൂരിഭാഗം രാജ്യങ്ങളും ഇന്ത്യയുടെ വാക്‌സിന്‍ ആ ഗോള തലത്തില്‍ അംഗീകാരമുണ്ടാവില്ല. പല രാജ്യങ്ങളിലേക്കും കൊവാക്‌സിന്‍ സ്വീകരിച്ചാലും പ്രവേശിക്കാന്‍ പോലും അനുമതിയുണ്ടാവില്ല. നേരത്തെ ബ്രിട്ടന്‍ പുറത്തിറക്കിയ മാര്‍ഗരേഖ പ്രകാരം വാക്‌സിന്‍ എടുത്താലും ഇന്ത്യയില്‍ നിന്നുള്ളവര്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണമെന്നായിരുന്നു. ഇത് ഇന്ത്യയില്‍ പല എതിര്‍പ്പുകള്‍ക്കും ഇടയാക്കിയിരുന്നു.

ലോകാരോഗ്യ സംഘടയ്ക്ക് വേണ്ട എല്ലാ ഡാറ്റകളും നല്‍കിയെന്നായിരുന്നു ഭാരത് ബയോടെക്ക് നേരത്തെ പറഞ്ഞിരുന്നത്. ഇതിനിടയിലാണ് ലോകാരോഗ്യ സംഘടന കൂടുതല്‍ വിവരങ്ങള്‍ ഭാരത് ബയോടെക്കിനോട് വിവരങ്ങള്‍ തേടിയത്. സാങ്കേതിക വിഷയങ്ങളിലാണ് വിവരങ്ങള്‍ തേടിയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവാക്‌സിന് ലോകാരോഗ്യ സംഘടന ഉടനെ അനുമതി നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അനുമതി ഉണ്ടായില്ലെന്ന് മാത്രമല്ല, അത് ഇനിയും വൈകുമെന്ന് കൂടിയാണ് വ്യക്തമാകുന്നത്. കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകള്‍ കൂടി ഇതോടെ പിഴച്ചിരിക്കുകയാണ്. നേരത്തെ ബ്രിട്ടന്‍ കൊവിഡ് നയങ്ങള്‍ തീരുമാനിച്ചപ്പോള്‍ അതിന് തിരിച്ചടിയുണ്ടാവുമെന്ന് വരെ ഇന്ത്യ പറഞ്ഞിരുന്നു.

കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ കൊവാക്‌സിനുള്ള അനുമതി ഉടനുണ്ടാവുമെന്ന് പറയുകയും ചെയ്തിരുന്നു. അംഗീകാരത്തിന് സമര്‍പ്പിക്കേണ്ട രേഖകള്‍ക്ക് ഒരു നടപടി ക്രമമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ വികെ പോളും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. ഈ മാസം അവസാനത്തിനുള്ളില്‍ കൊവാക്‌സിനുള്ള ലോകാരോഗ്യ സംഘടന അംഗീകാരം ഉണ്ടാവുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 77.8 ശതമാനം ഫലപ്രാപ്തി ഈ വാക്‌സിനുണ്ടെന്നാണ് ഭാരത് ബയോടെക്ക് അവകാശപ്പെടുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് കൊവാക്‌സിനും കൊവിഷീല്‍ഡും നല്‍കി തുടങ്ങിയത്.

നേരത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൊവിഷീല്‍ഡിനെ അംഗീകരിച്ചിരുന്നു. വിദേശ യാത്രാ മാനദണ്ഡങ്ങള്‍ ബ്രിട്ടന്‍ പരിഷ്‌കരിക്കുകയും ചെയ്തിരുന്നു. കൊവിഷീല്‍ഡിന് അംഗീകാരം നല്‍കാതിരുന്ന ബ്രിട്ടന്റെ നടപടി ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ശശി തരൂര്‍ ബ്രിട്ടനിലെ പരിപാടി വരെ റദ്ദാക്കിയിരുന്നു. വിവേചനപരമായ നടപടിയാണ് ബ്രിട്ടന്റേതെന്ന നിലാപാടാണ് ഇന്ത്യ സ്വീകരിച്ചത്. ബ്രിട്ടന് തിരിച്ചടി നല്‍കുമെന്ന സൂചനയും ഇന്ത്യ നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ രണ്ട് ഡോസ് വാക്‌സിനെടുത്താലും അവര്‍ വാക്‌സിനേറ്റഡായി കാണാനാവില്ലെന്നായിരുന്നു ബ്രിട്ടന്റെ മാനദണ്ഡങ്ങളില്‍ പറഞ്ഞിരുന്നത്.

ഇന്ത്യയില്‍ നിര്‍മിച്ച വാക്‌സിനുകളില്‍ കൊവിഷീല്‍ഡ് മാത്രമാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ളത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് നിര്‍മിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത്. ഫൈസര്‍, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, മോഡേണ, സിനോഫാം എന്നീ വാക്‌സിനുകളാണ് ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളത്. അതേസമയം ഇന്ത്യ സമര്‍പ്പിച്ച രേഖകളുടെ കാര്യത്തില്‍ ചില പ്രശ്‌നങ്ങളുണ്ടോ എന്ന ചോദ്യം ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ അംഗീകാരം ലഭിക്കാനുള്ള ശ്രമങ്ങളും ഇന്ത്യ നടത്തിയേക്കും.

Related posts

ശർക്കരയിലെ മായം കണ്ടെത്താൻ ഓപ്പറേഷൻ ജാഗറി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

വാഗ്ഭടാനന്ദദർശനം ദൈവത്തിന്റെ പേരിൽ വിദ്വേഷം വളർത്തുന്നവർക്കുള്ള മറുപടി: മുഖ്യമന്ത്രി.

Aswathi Kottiyoor

അധിക്ഷേപിക്കാൻ മൂന്നാംകിട നേതാക്കളെ രംഗത്തിറക്കുന്നു, സിപിഐഎമ്മിന്റേത് തരംതാണ അടവുകൾ’; വി ഡി സതീശൻ

Aswathi Kottiyoor
WordPress Image Lightbox