തലശേരി: കുട്ടികളിലെ ന്യുമോണിയ രോഗബാധ തടയാൻ ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പിസിവി ) ഇനി സർക്കാർ സംവിധാനത്തിലൂടെയും നൽകും. രണ്ടു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് വാക്സിന് നൽകാനാണ് ഇപ്പോൾ അനുമതിയായിട്ടുള്ളത്.
ഇതരസംസ്ഥാനങ്ങളിലും 146 വിദേശരാജ്യങ്ങളിലും ഈ വാക്സിൻ ഇപ്പോൾ നൽകുന്നുണ്ട്. ഇപ്പോൾ നൽകിവരുന്ന പെന്റാവലെന്റ് വാക്സിനൊപ്പം പിസിവികൂടി നൽകിയാൽ മാത്രമേ ന്യുമോണിയയിൽനിന്ന് കുട്ടികൾക്ക് സുരക്ഷിതത്വം ലഭിക്കുകയുള്ളൂവെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ശാഖ സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യൻ പറഞ്ഞു. ഇതിലൂടെ കുട്ടികളിലെ ന്യുമോണിയ രോഗബാധ ഗണ്യമായി കുറയ്ക്കാനാകും. വലിയ ശതമാനം കുട്ടികളിലും ഉണ്ടാകുന്ന ഗുരുതരമായ ന്യുമോണിയബാധയ്ക്കു കാരണമാകുന്നത് ന്യൂമോകോക്കൽ ബാക്ടീരിയയാണ്. ഒരു വർഷം പത്തുലക്ഷം കുഞ്ഞുങ്ങളാണ് ലോകത്ത് ന്യുമോണിയ ബാധിച്ചു മരിക്കുന്നത്. ഇന്ത്യയിൽ ആയിരത്തിൽ ഏഴ് കുഞ്ഞുങ്ങൾ വരെ ന്യുമോണിയ ബാധിച്ച് മരിക്കുന്നുണ്ട്.
ഇതിൽ 30 ശതമാനം വരെ ന്യൂമോകോക്കൽ ബാക്ടീരിയ ഉണ്ടാക്കുന്ന ന്യുമോണിയ മൂലമാണ്. ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ വഴി കുട്ടികളിലെ ന്യുമോണിയ രോഗബാധ ഗണ്യമായി കുറയ്ക്കാനാകുമെന്നും ഡോ. ജോണി സെബാസ്റ്റ്യൻ പറഞ്ഞു.
previous post