നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവും ഇടതുസര്‍ക്കാര്‍ അഭിമാന പദ്ധതിയായി അവതരിപ്പിച്ച ഭക്ഷ്യക്കിറ്റ് വിതരണത്തിനു സംസ്ഥാനം ഒരുവര്‍ഷം ചെലവഴിച്ചതു 4,198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റ് വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയാണു പുറത്തുവന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രതിമാസം ശരാശരി 78 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തതെന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 ഏപ്രിലിലെ ഭക്ഷ്യക്കിറ്റ് വിതരണത്തിനു 406 കോടി രൂപ സപ്ലൈക്കോയ്ക്കു നല്കിയപ്പോള് കഴിഞ്ഞ മേയില്‍ ഇതു 410 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ ഡിസംബറില്‍ കിറ്റ് വിതരണത്തിനായി സപ്ലൈക്കോയ്ക്കു നല്‍കിയത് 1049.79 കോടി രൂപയാണ്.
2016 ലെ ഓണത്തിനു ഭക്ഷ്യക്കിറ്റുകള്‍ നല്കിയ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 17.71 കോടിയാണ്. ബിപിഎല്‍, എഎവൈ വിഭാഗങ്ങളിലായി 16 ലക്ഷം കിറ്റുകളാണ് അന്നു നല്‍കിയത്. എഎവൈ വിഭാഗത്തിലെ 4.25 ലക്ഷം പേര്‍ക്ക് ഓണക്കിറ്റുകള്‍ നല്കാന് 2017 ല്‍ 4.89 കോടി ചെലവിട്ടു. ഇതേ വിഭാഗത്തിലെ 3.32 ലക്ഷം പേര് വാങ്ങിയ 2018 ലെ ഓണക്കിറ്റുകള്‍ക്ക് 3.85 കോടിയും ചെലവാക്കി.
ചുവപ്പ്, നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കായി കഴിഞ്ഞ മാര്‍ച്ചില്‍ 78,94,012 കിറ്റുകള്‍ വിതരണം ചെയ്തു. ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട കണക്കാണിത്. ഫെബ്രുവരിയില്‍ ഇത് 78,94,910 ആണ്.
ഭക്ഷ്യക്കിറ്റുകള്‍ നല്‍കാനുള്ള തുണിസഞ്ചിയുടെ നിര്‍മാണത്തിന് എത്ര തുക ചെലവഴിച്ചെന്ന ചോദ്യത്തിനു സിവില്‍ സപ്ലൈസ് കോര്പറേഷന് മറുപടി നല്‍കിയില്ല. പ്രാദേശിക ഡിപ്പോകള്‍ക്കാണു തുണിസഞ്ചി തയാറാക്കുന്നതിന്റെ ചുമതലയെന്നാണു വിശദീകരണം. ഭക്ഷ്യക്കിറ്റ് വിതരണത്തിനു പണം മുടക്കുന്നതു പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്നും സപ്ലൈക്കോ നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു.