24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • രക്ഷകസേനയുടെ തലക്കുമീതേ ഭീഷണിതീർത്ത് കൂറ്റൻ വാട്ടർടാങ്ക്
Iritty

രക്ഷകസേനയുടെ തലക്കുമീതേ ഭീഷണിതീർത്ത് കൂറ്റൻ വാട്ടർടാങ്ക്

ഇരിട്ടി : സ്വതവേ ദുർബല പിന്നെ ഗർഭിണിയും എന്ന പഴഞ്ചൊല്ലിനെ ഓർമ്മിപ്പിക്കുകയാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം. ദുരന്തമുഖത്ത് രക്ഷകരാകുന്നവർ സ്വന്തം സുരക്ഷയിൽ ഭീതിയോടെ കഴിയുകയാണ്. അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തോട് ചേർന്ന് നിൽക്കുന്ന കൂറ്റൻ വാട്ടർ ടാങ്കാണ് ഇവിടുത്തെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഉറക്കം കെടുത്തുന്നത്.
ആറ് പതിറ്റാണ്ടിലേറെ ഇരിട്ടി ഗവ ആശുപത്രി പ്രവർത്തിച്ചിരുന്ന നേരംപോക്ക് റോഡിലെ കെട്ടിടത്തിലാണ് ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തിക്കുന്നത്. പഴക്കംകൊണ്ട് പൊളിഞ്ഞു വീഴാറായതും ചോർന്നൊലിക്കുന്നതുമായ കെട്ടിടങ്ങളാണ് എല്ലാം. മഴക്കാലം ഇവരുടെ ദുരിതകാലമാണ്. ശക്തമായ മഴയിൽ ഉള്ളിൽ ചോർച്ച ഉറക്കം കെടുത്തുമ്പോൾ പുറത്ത് മുറ്റത്തടക്കം ചെളിവെള്ളം അടിച്ചു കയറുന്നതുമൂലം കാലെടുത്തു വെക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിനിടയിലാണ് വാട്ടർ ടാങ്കിന്റെ തകർച്ച ഭീഷണിയും.
ആശുപത്രിക്കായി ഐ പി വാർഡായി ഉപയോഗിച്ച കെട്ടിടമാണ് ജീവനക്കാരുടെ വിശ്രമസ്ഥലം . ഇതിനോട് ചേർന്ന് നിൽക്കുന്ന അരനൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ വാട്ടർ ടാങ്കാണ് ഇവർക്ക് ഭീഷണി തീർക്കുന്നത്. ആശുപത്രി ഇവിടെ നിന്നും ഹൈസ്‌കൂൾ കുന്നിലേക്കു മാറിയതിനു ശേഷം ഈ വാട്ടർ ടാങ്ക് ഉപയോഗിക്കാറില്ല. ഇതിന്റെ കോൺക്രീറ്റുകൾ ഇടക്കിടെ ഇളകി വീഴുന്ന അവസ്ഥയിലാണ് ഇന്ന്. വാട്ടർടാങ്ക് താങ്ങി നിൽക്കുന്ന നാല് തൂണുകളിലും വിള്ളൽ വീണിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടു നിലക്കെട്ടിടത്തിന്റെ ഉയരത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ടാങ്ക് എപ്പോൾ വേണമെങ്കിലും തകർന്നു വീഴാം. ഇതിനോട് ചേർന്ന് നിൽക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങളുടെ വിശ്രമകേന്ദ്രം ആസ്ബസ്റ്റോസ് പാകിയതാണ്. ഇതിലേക്കാണ് ഈ ടാങ്ക് പതിക്കുക. അതുകൊണ്ടുതന്നെ ഇതിന്റെ പതനം ഒരു വലിയ ദുരന്തമായേക്കും. ഇനി ഒരു മഴക്കാലം കൂടി പിന്നിടാനുള്ള ശക്തി ഈ ടാങ്കിനില്ലെന്നിരിക്കെ എത്രയും പെട്ടന്ന് ടാങ്ക് പൊളിച്ചു നീക്കണമെന്ന ആവശ്യം ശക്തമാണ്.
അതേസമയം ഇരിട്ടി അഗ്നിരക്ഷാ നിലയം ഇവിടെ തുടങ്ങിയത് മുതലുള്ള ആവശ്യമാണ് ഇവിടെ നിന്നും സൗകര്യ പ്രദമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നത് . ഇതിനായി പയഞ്ചേരിയിൽ സ്ഥലം കണ്ടെത്തുകയും വിട്ടു നല്കുന്നതിനായുള്ള ശ്രമങ്ങൾ നടക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമക്കുരുക്കിൽ പെട്ട് സ്ഥലം കൈമാറ്റം നിലച്ചിരിക്കുകയാണ്. ജനപ്രതിനിധികൾ മുന്നോട്ട് വന്ന് ഇതിനുള്ള തടസങ്ങൾ നീക്കണമെന്ന ആവശ്യവും ശക്തമാണ്.

Related posts

ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും തടയാൻ ശക്തമായ നടപടിവേണം – ഇരിട്ടി താലൂക്ക് വികസന സമിതി യോഗം

Aswathi Kottiyoor

കശുമാവ് വൈവിധ്യമേളയും കർഷക സെമിനാറും

Aswathi Kottiyoor

നരയംപാറയിൽ ഇരിട്ടി നഗരസഭയുടെ സി എഫ് എൽ ടി സി പ്രവർത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox