• Home
  • Kerala
  • എടാ, എടീ വിളികൾ കീഴ്പ്പെടുത്താനുള്ള കൊളോണിയൽ മുറയുടെ ശേഷിപ്പ്; പൊലീസിനെതിരെ കോടതി
Kerala

എടാ, എടീ വിളികൾ കീഴ്പ്പെടുത്താനുള്ള കൊളോണിയൽ മുറയുടെ ശേഷിപ്പ്; പൊലീസിനെതിരെ കോടതി

എടാ ’ ‘എടീ’ തുടങ്ങിയ വിളികൾ കീഴ്പ്പെടുത്താനുള്ള കൊളോണിയൽ മുറയുടെ ശേഷിപ്പാണെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. പരിഷ്കൃതവും സംസ്കാരവുമുള്ള സേനയ്ക്ക് ഇത്തരം പദപ്രയോഗങ്ങൾ ചേർന്നതല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ചേർപ്പ് എസ്ഐ തന്നോടും മകളോടും മോശമായി പെരുമാറിയെന്ന് ആരോപിച്ച് തൃശൂർ ചേർപ്പ് സ്വദേശി ജെ.എസ്.അനിൽ നൽകിയ ഹർജി തീർപ്പാക്കിയാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

പൊലീസ് ജനങ്ങളെ എടാ, എടീ എന്നടക്കം വിളിക്കുന്നത് ഭരണഘടനാപരമായ ധാർമികതയ്ക്കും രാജ്യത്തിന്റെ മനഃസാക്ഷിക്കും വിരുദ്ധമാണ്. സ്വീകാര്യമായ പദങ്ങൾ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യാനും അല്ലാത്ത പദങ്ങൾ ഉപയോഗിക്കരുതെന്ന് നിർദേശിക്കണമെന്നും പൊലീസ് മേധാവിക്കു ഹൈക്കോടതി നിർദേശം നൽകി. എന്നാൽ ഹർജിക്കാരൻ ഉന്നയിച്ച പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ അല്ല ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു. ജനങ്ങളോടു പൊലീസ് മാന്യമായി പെരുമാറണമെന്ന നിർദേശം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഡിജിപി രണ്ടാഴ്‌ചയ്ക്കകം റിപ്പോർട്ട് നൽകാനും കോടതി നിർദേശിച്ചു.

പൗരൻമാർക്കെതിരെ മോശം വാക്കുകൾ ഉപയോഗിക്കുന്നത് അനുവദിക്കാനാവില്ല. എന്നാൽ ഇതുസംബന്ധിച്ച പരാതികൾ പരിഗണിക്കുന്നതും പൊലീസ് തന്നെയായതിൽ തെളിയിക്കാൻ ബുദ്ധിമുട്ടാണ്. എടാ എടീ വിളികൾ പൊലീസ് സാധാരണയായി ഉപയോഗിക്കുന്നുണ്ടെന്നും കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന്റെ ഭാഗമായും ഇതുണ്ടാകുന്നുണ്ടെന്നും കോടതി പറഞ്ഞു.

ഡിവിഷൻ ബെഞ്ച് ഉത്തരവിനെത്തുടർന്ന്, 2018 നവംബറിൽ സംസ്ഥാന പൊലീസ് മേധാവി പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ചു സർക്കുലർ ഇറക്കിയിരുന്നെന്നു സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.

Related posts

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

Aswathi Kottiyoor

കൃഷി വകുപ്പിൽ ഇനി പദ്ധതി നടത്തിപ്പുകാർ തന്നെ ക്രമക്കേടും പരിശോധിക്കും

Aswathi Kottiyoor

സിറ്റി സർക്കുലർ 10 രൂപ നിരക്ക് ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox