22.5 C
Iritty, IN
September 8, 2024
  • Home
  • Kerala
  • കോവിഡ് കാലത്ത് ഓസോണ്‍ അളവ് കൂടി, കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു.
Kerala

കോവിഡ് കാലത്ത് ഓസോണ്‍ അളവ് കൂടി, കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു.

കണ്ണൂര്‍ : കോവിഡ് കാലത്ത് കണ്ണൂരുകാര്‍ ശ്വസിച്ചത് ശുദ്ധവായു. ജില്ലയിലെ അന്തരീക്ഷത്തില്‍ ഓസോണിന്റെ അളവ് കൂടിയതായാണ് മലയാളി ശാസ്ത്രസംഘത്തിന്റെ പഠനം. ഈ കാലയളവില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വാതകങ്ങളുടെയും പൊടിപടലങ്ങളുടെയും വ്യതിയാനങ്ങളും ഇതുവഴി കണ്ണൂരിലെ ഭൗമോപരിതല അന്തരീക്ഷത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ചുമുള്ള ഇവരുടെ പഠനഫലം ലോകാരോഗ്യ സംഘടനയുടെ ‘വേള്‍ഡ് ഡേറ്റാബേസ് ഓഫ് കോവിഡ് 19’-ലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി 2020 മാര്‍ച്ച് അവസാനം മുതല്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളായ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രസ് ഓക്‌സൈഡുകള്‍, അമോണിയ, സള്‍ഫര്‍ ഓക്‌സൈഡുകള്‍, വിവിധതരം അസ്ഥിര ജൈവ വാതകങ്ങള്‍, സൂക്ഷ്മ പൊടിപടലങ്ങള്‍ തുടങ്ങിയവയുടെ സാന്ദ്രത വളരെ കുറഞ്ഞിരുന്നു. ഇക്കാരണത്താല്‍ ഭൗമോപരിതലത്തില്‍ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ സാന്ദ്രതയും ഹരിതഗൃഹ വാതകമായ ഓസോണിന്റെ അളവ് കൂടിയതായും ഇവര്‍ കണ്ടെത്തി. കണ്ണൂരിലെ അന്തരീക്ഷവായുവിന്റെ ഗുണനിലവാരസൂചിക ഉയര്‍ന്നതായും ഇവര്‍ നിരീക്ഷിച്ചു.ഈ കണ്ടെത്തലുകള്‍ അമേരിക്കയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന പീര്‍ ജെ യുടെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധത്തിനാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചത്.

ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം കോവിഡ് പോലുള്ള ശ്വാസകോശ രോഗങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുമെന്നതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിരീക്ഷിച്ച ഉയര്‍ന്ന വായു ഗുണനിലവാര സൂചിക രോഗപ്രതിരോധത്തില്‍ പ്രധാനപ്പെട്ട പങ്കാണ് വഹിച്ചതെന്ന് ഇവരുടെ പഠനത്തില്‍ പറയുന്നു. കോവിഡ് പ്രതിരോധ സംബന്ധിയായ പ്രധാന പ്രബന്ധങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഡേറ്റാബേസില്‍ ഇടംപിടിച്ചിട്ടുണ്ട്.

കണ്ണപുരം മൊട്ടമ്മല്‍ സ്വദേശിയും ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഭൗതികശാസ്ത്ര വിഭാഗം അസി. പ്രൊഫസറുമായ ഡോ. ടി.നിഷാന്ത്, കണ്ണൂര്‍ സര്‍വകലാശാല അന്തരീക്ഷ ശാസ്ത്ര വിഭാഗം മുന്‍ ഡയറക്ടറും അന്തരീക്ഷ ശാസ്ത്രജ്ഞനുമായ ഡോ. എം.കെ.സതീഷ്‌കുമാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ റഡാര്‍വിഭാഗം ശാസ്ത്രജ്ഞനായ കുടിയാന്മല സ്വദേശി ഡോ. എം.ജി.മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.

ഭാരതിയാര്‍ സര്‍വകലാശാലയിലെ അന്തരീക്ഷ പഠന ഗവേഷകയായ സി.ടി.രശ്മിയും ഡോ. ബാലചന്ദ്രമോഹനും പഠനവുമായി സഹകരിച്ചു. അമേരിക്കയിലെ ലൂയിസിയാന സര്‍വകലാശാലയിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫസറും തലശ്ശേരി സ്വദേശിയുമായ പ്രൊഫ. കല്യാട്ട് വത്സരാജ് മാര്‍ഗനിര്‍ദേശം നല്‍കി. ഐ.എസ്.ആര്‍.ഒ.യുടെയും കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെയും സഹായവും ലഭിച്ചു.

Related posts

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല; പ്രകാശനം 29ന്

Aswathi Kottiyoor

ആറളം വന്യജീവി സങ്കേതത്തിൽ തീപ്പിടിത്തം

Aswathi Kottiyoor

സ്വർണവില കൂടുമോ? മികച്ച നേട്ടത്തിന് ഗോൾഡ് ബോണ്ടിൽ ഇപ്പോൾ നിക്ഷേപിക്കാം.

Aswathi Kottiyoor
WordPress Image Lightbox