24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്രം; തീരുമാനം ചരിത്രപരം.
Kerala

വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്രം; തീരുമാനം ചരിത്രപരം.

സൈനിക വിഭാഗങ്ങളിലെ ലിംഗ വിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും നാഷണല്‍ ഡിഫെന്‍സ് അക്കാദമി (എന്‍ഡിഎ) യിലും, നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച ആയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത കോടതി വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗ്ഗ രേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സമയം അനുവദിച്ചു.

വനിതകള്‍ക്ക് എന്‍ഡിഎ യിലും നേവല്‍ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൗലിക അവകാശത്തിന്റെ ലംഘനം ആണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രധാനമായ നിലപാട് കോടതിയെ അറിയിച്ചത്. എന്‍ഡിയിലൂടെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് വനിതകളെ നിയമിക്കാന്‍ ഇന്നലെ തീരുമാനമായെന്ന് കേന്ദ്ര സര്‍ക്കാരിനു വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. തീരുമാനം ചരിത്രപരമാണെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍, ഈ അധ്യയന വര്‍ഷം പ്രവേശനം നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായും ഭട്ടി ചൂണ്ടിക്കാട്ടി. നിലവില്‍ വനിതകളുടെ പ്രവേശനത്തിനുള്ള മാര്‍ഗരേഖ ഇല്ല. അത് തയ്യാറാക്കുന്നതിന് സമയം ആവശ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീം കോടതി നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ നിര്‍ദേശിച്ചു.

പരിഷ്‌കാരങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അഭിപ്രായപ്പെട്ടു. സൈനിക വിഭാഗങ്ങള്‍ തന്നെ സ്വന്തമായി ലിംഗ നീതി ഉറപ്പാക്കുന്നതിനുള്ള തീരുമാനം എടുത്തതില്‍ സന്തോഷം ഉണ്ട്. രാജ്യത്തിന്റെ ബഹുമാനം നേടിയിട്ടുള്ള സൈനിക വിഭാഗങ്ങള്‍ ലിംഗ നീതിയുടെ കാര്യത്തില്‍ കോടതി ഉത്തരവുകള്‍ക്ക് കാത്ത് നില്‍ക്കാതെ കൂടുതല്‍ നടപടി എടുക്കുമെന്നാണ് പ്രതീക്ഷ എന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

നേരത്തെ എന്‍ഡിഎ പ്രവേശന പരീക്ഷ എഴുതാന്‍ വനിതകള്‍ക്ക് ഇടക്കാല ഉത്തരവിലൂടെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബര്‍ 14 ലേക്ക് സുപ്രീംകോടതി നീട്ടിയിരുന്നു.

Related posts

ഇത്തവണ ക്രിസ്മസ് പരീക്ഷ ഉണ്ടാവില്ല, പകരം അര്‍ധവാര്‍ഷിക പരീക്ഷ

Aswathi Kottiyoor

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്‍ഷികം; 33 തടവുകാര്‍ക്ക് മോചനം നല്‍കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ

Aswathi Kottiyoor

കു​ടും​ബ​ശ്രീ തൊ​ഴി​ൽ സ​ർ​വേ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 44 ല​ക്ഷംപേ​ർ

Aswathi Kottiyoor
WordPress Image Lightbox