22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • നിപ ലക്ഷണങ്ങള്‍ ഉള്ളവര്‍ എട്ടായി; ഏഴ് പേരുടെ ഫലം വൈകീട്ട്, സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍.
Uncategorized

നിപ ലക്ഷണങ്ങള്‍ ഉള്ളവര്‍ എട്ടായി; ഏഴ് പേരുടെ ഫലം വൈകീട്ട്, സമ്പര്‍ക്ക പട്ടികയില്‍ 251 പേര്‍.

12-വയസുകാരന്‍ നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ സമ്പര്‍ക്ക പട്ടികയിലുള്ള രോഗ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. കുട്ടിയുടെ മാതാവും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം നേരത്തെ മൂന്ന് പേര്‍ക്കായിരുന്നു രോഗ ലക്ഷണങ്ങളുണ്ടായിരുന്നത്. നിലവില്‍ എട്ട് പേര്‍ക്ക് രോഗലക്ഷണമുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇതിനിടെ കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 251 പേരെയാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കുട്ടിയുമായി അടുത്തിടപഴകിയ 32 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രത്യേകം ഒരുക്കിയ നിപ വാര്‍ഡില്‍ കഴിയുന്ന ഇവരില്‍ എട്ട് പേര്‍ക്കാണ് രോഗ ലക്ഷണമുണ്ടായിട്ടുള്ളത്.

ഏഴ് പേരുടെ ഫലങ്ങള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വൈകീട്ടോടെ ലഭ്യമാകുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. ഈ ഫലത്തിനനുസൃതമായിട്ടായിരിക്കും മറ്റു നടപടികള്‍. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്നത് ഫലം ലഭ്യമാകുന്നതോടെ വ്യക്തമാകുമെന്നാണ് അധികൃതര്‍ കണക്കാക്കുന്നത്.

ഇതിനിടെ കുട്ടിക്ക് രോഗം ബാധിച്ച ഉറവിടം കണ്ടെത്താനായി പഴുതടച്ച അന്വേഷണമാണ് നടന്നുവരുന്നത്. പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പും വനം വകുപ്പും പ്രത്യേകം സാമ്പിള്‍ ശേഖരണവും പരിശോധനയും നടത്തി.

മൃഗങ്ങളില്‍ നിന്ന് സാധാരണ രോഗം പകരുന്നത് ഇത് വരെ ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും സംശയ ദൂരീകരണത്തിനായി വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സ്രവങ്ങള്‍ പരിശോധിക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ ബേബി പറഞ്ഞു.

മരിച്ച കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുന്നെ വീട്ടിലെ അസുഖം ബാധിച്ച ആടിനെ പരിചരിച്ചിരുന്നു . ഇത് രോഗബാധയ്ക്ക് കാരണമായോ എന്ന് കണ്ടെത്താന്‍ ആടുകളുടെ സ്രവം ശേഖരിച്ചിട്ടുണ്ട്. ഇത് ഉടന്‍ പരിശോധനയ്ക്ക് അയക്കും. കുട്ടി ബന്ധുവീട്ടില്‍ നിന്ന് റമ്പൂട്ടന്‍ കഴിച്ചതിനാല്‍ ഇവിടേയും സംഘമെത്തി പരിശോധന നടത്തി.

വവ്വാലുകളെ പിടിച്ച് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമായതിനാല്‍ ഇവയെ പിടിച്ച് പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇതിനായി വനം വകുപ്പിന്റെ അനുമതി തേടും.

Related posts

കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷിക ദിനാചരണം

Aswathi Kottiyoor

കാവ്യാനുഭൂതിയുടെ ഉറവവറ്റാത്ത പ്രവാഹം; മഹാകവി കുമാരനാശാന്റെ ഓര്‍മകള്‍ക്ക് നൂറുവര്‍ഷം

Aswathi Kottiyoor

കാട്ടാന ശല്യം രൂക്ഷമായ പാലക്കാട് ധോണിയില്‍ കേന്ദ്ര മന്ത്രി ഭഗവന്ത് ഖുബേ സന്ദര്‍ശനം നടത്തും

Aswathi Kottiyoor
WordPress Image Lightbox