ഇരിട്ടി: ഇരിട്ടി നഗരത്തിൽ എവിടെ തിരിഞ്ഞാലും തെരുവ്‌നായ്ക്കൂട്ടങ്ങളുടെ പടയാണ്. നായ്ക്കൂട്ടങ്ങളിൽ ജനങ്ങളിൽ ഭീതി പടർത്തുന്നതിനിടയിൽ വെള്ളിയാഴ്ച നഗരത്തിലെത്തിയ ഏഴുപേർക്ക് നായയുടെ കടിയേൽക്കുകയും ചെയ്തു. ഇത് ഭീതി ഇരട്ടിപ്പിക്കുകയും ചെയ്തു. ഇരിട്ടി പുതിയ ബസ്സ്റ്റാന്റിൽ നിന്നും പഴയ ബസ്സ് സ്റ്റാന്റ് പരിസരത്തു നിന്നുമാണ് ഇവർക്ക് നായയുടെ കടിയേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സ തേടി.
ഇരിട്ടി നഗരത്തിൽ പഴയ ബസ് സ്റ്റാന്റ് , പുതിയ ബസ് സ്റ്റാന്റ് , പഴയപാലം റോഡ്, നേരംപോക്ക് റോഡ്, ആശുപത്രി റോഡ് എന്നിവിടങ്ങളിലും ഇടവഴികളിലുമെല്ലാം രാവും പകലുമില്ലാതെ അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൂട്ടങ്ങൾ വിലസുകയാണ്. പുലർച്ചെയും , രാത്രികാലങ്ങളിലും ഭീതിയോടെയാണ് ഇതുവഴി ജനങ്ങൾ കടന്നുപോകുന്നത്. ചില തെരുവുനായകൾ ഇരുചക്രവാഹനങ്ങൾക്ക് പിറകെ ഓടുന്ന സംഭവ ങ്ങളും നിരവധിയാണ്. തെരുവുനായ ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ചിലർ നഗരസഭയിലും മറ്റും കഴിഞ്ഞ ദിവസങ്ങളിൽ പരാതി നൽകിയിരുന്നു. എന്നാൽ അലഞ്ഞു നടക്കുന്ന നയ്ക്കളെ പിടികൂടുന്നതിനുള്ള ഒരു നടപടിയും ഉണ്ടാകുന്നില്ല.
വെളളിയാഴ്ച്ച കടിയേറ്റവരിൽ ഏറെയും പ്രായമായവരാണ് . നഗരസഭ ഇടപെട്ട് തെരുവനായ പ്രശ്‌നത്തിന് ശാശ്വാത പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.