24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ആറളം ഫാമിൽ കാട്ടാന ശല്യം പരിഹാരമില്ലാതെ തുടരുന്നു – തെങ്ങുമറിച്ചിട്ട് ഗതാഗതം തടസ്സപ്പെട്ടു
Iritty

ആറളം ഫാമിൽ കാട്ടാന ശല്യം പരിഹാരമില്ലാതെ തുടരുന്നു – തെങ്ങുമറിച്ചിട്ട് ഗതാഗതം തടസ്സപ്പെട്ടു

ഇരിട്ടി: കാട്ടാന ശല്യത്തിന് പരിഹാരമില്ലാതെ ആറളം ഫാമും സമീപ പ്രദേശങ്ങളും. ഫാമിലെ കാർഷിക മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞ രാത്രിയും മേഖലയിൽ കനത്ത നാശം വരുത്തി. കീഴ്പ്പള്ളി – പാലപ്പുഴ റോഡിന് കുറുകെ തെങ്ങ് മറിച്ചിട്ടു. ഫാമിന്റെ ഒന്ന് , രണ്ട് ബ്ലോക്കുകളിലായി കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിൽ നൂറിലധികം തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. കൂടാതെ കൊക്കോ, കമുങ്ങ്, കശുമാവ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്.
റോഡിനു കുറുകേ തെങ്ങ് മറിച്ചിട്ടത് കൂടാതെ മണിക്കൂറുകളോളം ആനക്കൂട്ടം റോഡിൽ നിലയുറപ്പിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും സ്തംഭിച്ചു. റോഡരികിൽ ആനക്കൂട്ടം പതിവായി നിലയുറപ്പിക്കുന്നത് മൂലം ഇതുവഴിയുള്ള രാത്രിയാത്ര ജനങ്ങൾ ഒഴിവാക്കിയിരിക്കയാണ്. എന്നാൽ പുനരധിവാസ മേഖലയിലെ കുടുംബങ്ങൾ അത്യാവശ്യമായി ആശുപത്രിയിലേക്കും മറ്റും പോകാൻ രാത്രി ആശ്രയിക്കുന്ന പ്രധാന റോഡുമാണ് ഇത്.
ഇരുപതിലേറെ കാട്ടാനകൾ ഫാമിലെ മേഖലകളിൽ തമ്പടിച്ചു കിടക്കുന്നതായാണ് ഇവിടുത്തെ തൊഴിലാളികൾ പറയുന്നത്. ഇവിടങ്ങളിൽ നിന്നാണ് ആനക്കൂട്ടം മുഴക്കുന്ന് , ആറളം, പേരാവൂർ പഞ്ചായത്തുകളിലെ പാലപ്പുഴ, പെരുമ്പുന്ന, വട്ടപ്പറമ്പ്, കീഴ്പ്പള്ളി, ചതിരൂർ പ്രദേശങ്ങളിലെ ജനവാസ മേഖലകളിൽ എത്തി നാശം വിതയ്ക്കുന്നത്. ഫാമിനെ അതിരിട്ടൊഴുകുന്ന ബാവലി, കക്കുവ , ചീങ്കണ്ണി പുഴകൾ കടന്നാണ് ഇവ ജനവാസ കേന്ദ്രങ്ങളിൽ എത്തിച്ചേരുന്നത് . വര്ഷങ്ങളായി ഈ മേഖലകൾ കാട്ടാന ശല്യത്തിന്റെ പിടിയിലാണ്. രണ്ട് മാസത്തിനിയിൽ നിരവധി കർഷകരുടെ കാർഷിക വിളകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. വന്യജീവി സങ്കേതത്തിൽ ഭക്ഷണ വിഭവങ്ങളുടെ ലഭ്യത കുറയുകയും ഫാമിൽ ചക്കയും കശുമാങ്ങയും യഥേഷ്ടം ലഭിക്കുകയും ചെയ്യുന്നതാണ് ഇവയെ ഇവിടെയെത്തി താവളമടിക്കാൻ പ്രേരിപ്പിക്കുന്നത്. ഫാമിലും ഇവയുടെ ലഭ്യത കുറയുമ്പോൾ ഇവ ജനവാസ മേഖലകളിലേക്കും കടക്കുന്നു.
അതേസമയം ആറളം ഫാമിലുംഫാമിനോട് ചേർന്ന് വിവിധ മേഖലകളിലും തമ്പടിച്ചു കിടക്കുന്ന കാട്ടാന കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള നടപടികൾ തിങ്കളാഴ്ച്ച് മുതൽ ആരംഭിക്കും. വനംവകുപ്പ് ആറളം, കൊട്ടിയൂർ റെയിഞ്ചുകൾ സംയുക്തമായി ആറളം ഫാം മാനേജ്‌മെന്റിന്റെ സഹായത്തോടെയാണ് ആനതുരത്തലിന് പദ്ധതി തെയ്യാറാക്കിയിരിക്കുന്നത്. അപകട സാധ്യത ഒഴിവാക്കുന്നതിനായി വനം വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും അനുമതിയും തേടിയിട്ടുണ്ട് .
വനത്തിന് സമാനമായ കാടുകൾ ഫാമിനകത്തെങ്ങും വളർന്ന് പന്തലിച്ചു കിടക്കുന്നത് ആനതുരത്തലിൽ വൻ പ്രതിസന്ധിക്കിടയാക്കും. നാലുമാസം മുൻമ്പ് പ്രധാന പ്രദേശങ്ങളിലേക്ക് പോകുന്ന വഴികളിലെ കാടുകളെല്ലാം വെട്ടിത്തെളിയിച്ചിരുന്നെങ്കിലും കനത്ത മഴയിൽ ഇവയെല്ലാം വീണ്ടും കിളിർത്ത് പടർന്ന്‌ നിൽക്കുകയാണ്. അവക്കിടയിൽ നിൽക്കുന്ന ആനകളെ കണ്ടെത്തുക എന്നതും പ്രയാസമേറിയ കാര്യമാണ്. പുനരധിവാസ മേഖലയിൽ പതിച്ചു നല്കിയ ജനവാസ മില്ലാതെ പ്രദേശങ്ങളിലും കാടുകൾ വളർന്ന് നിൽക്കുകയാണ്. ആനയെ തുരത്തൽ തിങ്കളാഴ്ച്ച രാവിലെ പാലപുഴയിൽ നിന്നാണ് ആരംഭിക്കുക. ജനവാസ മേഖലയും കീഴ്പ്പള്ളി- പാലപുഴ റോഡു കടന്ന് വേണം ആനക്കൂട്ടത്തെ വനാതിർത്തിയിൽ എത്തിക്കാൻ . മേഖലയിൽ ജനങ്ങൾ പുറത്തിറക്കാതെയും വാഹന ഗതാഗതം നിയന്ത്രിച്ചുമായിരിക്കും ആനകളെ തുരത്തുക. എന്നാൽ ഇതിന് മുൻപും നിരവധി തവണ വൻ സന്നാഹനങ്ങളോടെ ഫാമിനകത്തെ ആനക്കൂട്ടങ്ങളെ വനത്തിലേക്ക് തുരത്തി വിട്ടിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഇവയെല്ലാം ഫാമിനകത്തു തന്നെ തിരിച്ചെത്തുന്നതാണ് ഈ സമയത്തെല്ലാം കണ്ടത്. അതുകൊണ്ടുതന്നെ ഇപ്രാവശ്യത്തെ പരിശ്രമവും എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയാം.

Related posts

വ​ന്യമൃ​ഗ​ ശ​ല്യം ത​ട​ഞ്ഞ് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

Aswathi Kottiyoor

മാടത്തിൽ ടൗണിലെ റോഡ് അപകടങ്ങൾ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു.

Aswathi Kottiyoor

ആറളം വന്യജീവി സങ്കേതത്തിൽ പക്ഷി സർവേ 11 മുതൽ

Aswathi Kottiyoor
WordPress Image Lightbox