ശമ്പള കുടിശ്ശികയായി കിട്ടാനുണ്ടായിരുന്നത് 4 ലക്ഷം, അധികൃതരെ സമീപിച്ചിട്ടും ഫലമുണ്ടായില്ല; വൃക്ക രോഗിയായ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു

പാലക്കാട്: വൃക്ക രോഗിയായ മലബാർ ദേവസ്വം ബോർഡ് ജീവനക്കാരൻ മരിച്ചു. പാലക്കാട് പള്ളിക്കുറുപ്പ് മഹാവിഷ്ണു ക്ഷേത്രം സുരക്ഷാ ജീവനക്കാരൻ കെ ചന്ദ്രൻ (57) ആണ് മരിച്ചത്. ശമ്പള കുടിശ്ശിക നാലു ലക്ഷം രൂപ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നു. വൃക്ക രോഗിയായിരുന്ന ചന്ദ്രന്‍ ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ വന്നതോടെ ദേവസ്വം അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
2010 മുതൽ 2015 വരെ മൂന്നു ലക്ഷവും സാങ്കേതിക കാരണങ്ങളാൽ പിടിച്ചുവെച്ച ഒരു ലക്ഷവുമാണ് കുടിശ്ശിക ഇനത്തില്‍ ചന്ദ്രന് ലഭിക്കാനുണ്ടായിരുന്നത്. 2024 ൽ രോഗം മൂർഛിച്ചതോടെ സ്വയം വിരമിക്കലിന് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. 1996 മുതൽ മലബാർ ദേവസ്വം ബോർഡിന് കീഴിലെ ജീവനക്കാരനാണ് ചന്ദ്രൻ.
മലബാർ ദേവസം ബോർഡിനോട് അപേക്ഷിച്ചിട്ടും ഫണ്ട് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് ശബളം കുടിശിക വന്നതെന്നുമാണ് ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർ പറയുന്നത്. ശമ്പള കുടിശികയിൽ പങ്കില്ലെന്നാണ് ദേവസ്വം ബോർഡിന്‍റെ വാദം.




