24.5 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്യാൻ സോഫ്‌റ്റ്‌വെയർ ; ബുധനാഴ്ച തുടക്കം.
Thiruvanandapuram

കോവിഡ് മരണം റിപ്പോർട്ട്‌ ചെയ്യാൻ സോഫ്‌റ്റ്‌വെയർ ; ബുധനാഴ്ച തുടക്കം.

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കോവിഡ്‌ മരണം റിപ്പോർട്ട് ചെയ്യാൻ സോഫ്‌റ്റ്‌വെയർ സംവിധാനം തയ്യാറായി. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരോഗ്യകേരളം ഇ ഹെൽത്ത്‌ വിഭാഗമാണ്‌ ഒരാഴ്ചയ്ക്കുള്ളിൽ സോഫ്‌റ്റ്‌വെയർ ഒരുക്കിയത്‌. സംസ്ഥാനത്ത്‌ കോവിഡ്‌ മരണം റിപ്പോർട്ട്‌ ചെയ്യുന്നതിൽ അപാകമുണ്ടെന്ന്‌ വ്യാജവാർത്ത പ്രചരിച്ചിരുന്നു. തുടർന്നാണ്‌ ഡോക്ടർമാർക്ക്‌ മരണം നേരിട്ട്‌ റിപ്പോർട്ട്‌ ചെയ്യാൻ സാധിക്കുന്ന സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയത്‌.

പതിനഞ്ചോടെ കോവിഡ് മരണം സോഫ്റ്റ്‌വെയർ സഹായത്തോടെ റിപ്പോർട്ട് ചെയ്യുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്നുദിവസംകൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പ്രത്യേക സോഫ്‌റ്റ്‌വെയർ തയ്യാറാക്കിയത്‌.
പല സംസ്ഥാനങ്ങളിലും കോവിഡ്‌ മരണങ്ങൾ മറച്ചുവച്ചതായി കണ്ടെത്തിയിരുന്നു. ഇതിനിടെയാണ്‌ കേരളം സുതാര്യവും കൃത്യവുമായ കണക്കുകൾക്കായി സോഫ്‌റ്റ്‌വെയർ ഒരുക്കിയത്‌.

സോഫ്‌റ്റ്‌വെയർ സ്വകാര്യ ആശുപത്രികളിലും
ചികിത്സിക്കുന്ന ഡോക്ടർക്ക്‌ രോഗി മരിച്ചത്‌ കോവിഡ്‌മൂലമാണോ എന്ന വിവരം സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യാം. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്ക്‌ സോഫ്‌റ്റ്‌വെയർ ലഭ്യമാകും. ഡോക്ടർമാർ സമർപ്പിച്ച വിവരങ്ങൾ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറോ സൂപ്രണ്ടോ വീണ്ടും പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ അനുമതി നൽകുന്നതോടെ കോവിഡ്‌ മരണമാണോ അല്ലയോ എന്ന്‌ ഉറപ്പിക്കാനാകും. പകൽ രണ്ടുമുതൽ അടുത്ത ദിവസം രണ്ടുവരെയുള്ള മരണമാകും അപ്‌ലോഡ്‌ ചെയ്യുക. തുടർന്ന് ഇത്‌ പ്രസിദ്ധീകരിക്കും. പകൽ രണ്ടോടെതന്നെ സംസ്ഥാനതലത്തിലെ പ്രതിദിന കണക്കുകൾ തയ്യാറാക്കും.

ബുധനാഴ്ച തുടക്കം
കോവിഡുമായി ബന്ധപ്പെട്ട മരണം ബുധനാഴ്ചമുതൽ ഡോക്ടർമാർ സോഫ്‌റ്റ്‌വെയറിൽ അപ്‌ലോഡ്‌ ചെയ്യണമെന്ന്‌ ആരോഗ്യവകുപ്പ്‌ ഉത്തരവിട്ടു. മരണകാരണം, രോഗിയുടെ വിവരങ്ങളടങ്ങുന്ന മെഡിക്കൽ ബുള്ളറ്റിൻ എന്നിവ ചേർത്ത്‌ 24 മണിക്കൂറിനകം നൽകണം. വിവരം ക്രോഡീകരിച്ച്‌ ജില്ലാ സർവൈലൻസ്‌ ഓഫീസർ/ ജില്ലാ മെഡിക്കൽ ഓഫീസർ പട്ടിക തയ്യാറാക്കണം. മരിച്ചയാളുടെ കുടുംബത്തെയും വിവരം അറിയിക്കണം. പകൽ ഒന്നോടെ ഈ വിവരങ്ങൾ സംസ്ഥാന കോവിഡ് യൂണിറ്റിനെയും അറിയിക്കണം. ‌ജില്ലയിലെ വിവരങ്ങൾ പരിശോധിച്ച്‌ സ്‌റ്റേറ്റ്‌ കോവിഡ്‌ യൂണിറ്റ്‌ മരണങ്ങൾ ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും.

മരണം റിപ്പോർട്ട്‌ ചെയ്യാൻ അധികാരം
● ആശുപത്രിയിലെ മരണം–- മെഡിക്കൽ സൂപ്രണ്ടിനോ ആരോഗ്യകേന്ദ്രം മേധാവിക്കോ.
● സിഎഫ്‌എൽടിസി/ സിഎസ്‌എൽടിസി/ ഡിസിസി–-മെഡിക്കൽ ഓഫീസർ ഇൻ ചാർജ്‌
● മരിച്ച ശേഷം ആശുപത്രിയിൽ എത്തിക്കുന്നവ–-മെഡിക്കൽ സൂപ്രണ്ട്‌ / ആരോഗ്യകേന്ദ്രം മേധാവി
● വഴിയിൽ മരണം സംഭവിച്ചാൽ–- മെഡിക്കൽ സൂപ്രണ്ട്‌/ ആരോഗ്യകേന്ദ്രം മേധാവി .

Related posts

കോവിഡ് വ്യാപനം: ചികിത്സയ്ക്കുള്ള മാർഗരേഖ പുതുക്കി….

Aswathi Kottiyoor

പാചകവാതക വില കുത്തനെ കൂട്ടി ; വാണിജ്യ സിലിണ്ടറിന്‌ 2009 രൂപ

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox