24.4 C
Iritty, IN
October 4, 2024
  • Home
  • Iritty
  • അയ്യൻകുന്നിൽ കോവിഡ് ബാധിച്ചവർക്ക് ഡെങ്കിപ്പനിയും പ്രതിരോധ നടപടികൾ തുടരുമ്പോഴും മലയോര മേഖല ആശങ്കയിൽ …………
Iritty

അയ്യൻകുന്നിൽ കോവിഡ് ബാധിച്ചവർക്ക് ഡെങ്കിപ്പനിയും പ്രതിരോധ നടപടികൾ തുടരുമ്പോഴും മലയോര മേഖല ആശങ്കയിൽ …………

ഇരിട്ടി: അയ്യങ്കുന്നിൽ കോവിഡ് ബാധിച്ച മൂന്നുപേർക്ക് ഡെങ്കിപ്പനി കൂടി ബാധിച്ചതോടെ മലയോര മേഖല ഭീതിയിലായി. അധികൃതർ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും കോവിഡിന് പിന്നാലെ ഡെങ്കികൂടി പടരുന്നത് മേഖലയിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കയാണ് .
പഞ്ചായത്തിൽ കോവിഡ് രോഗികളിൽ മൂന്ന് പേർക്കാണ് ഡെങ്കിപ്പനിയും പിടിപെട്ടത്. മട്ടന്നൂർ ,തലശേരി വെക്ടർ കൺട്രോൾ യൂണിറ്റിലെ ഫീൽഡ് വർക്കേഴ്സും, അങ്ങാടിക്കടവ് പി എച്ച് സി ഫീൽഡ് വിഭാഗം ജീവനക്കാർ , ആശ വർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അങ്ങാടിക്കടവ് പി എച്ച് സി പരിധിയിൽ കൊതുക് സാന്ദ്രതാ പഠനം നടത്തി. ഡെങ്കിപരത്തുന്ന കൊതുകുകളുടെ സാന്ദ്രത മേഖലയിൽ വളരെ കൂടുതലാണെന്ന് കണ്ടെത്തി . ജനങ്ങൾ മുൻകൈയ്യെടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് അങ്ങാടിക്കടവ് പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനു മേരി ജോസ് അറിയിച്ചു. ഞായറാഴ്ചകളിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഡ്രൈഡേ ആചരിച്ചു.
അങ്ങാടിക്കടവ് പി എച്ച് സി യുടെ പരിധിയിൽ ഇപ്പോൾ പതിനഞ്ചിൽ അധികം പേർക്ക് രോഗം ബാധിച്ച് കഴിഞ്ഞു. കോവിഡ് ബാധിച്ച മൂന്ന് പേർ അടക്കം മേഖലയിൽ നിന്നും അഞ്ചു പേർ ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വർഷം നൂറോളം പേർക്ക് മേഖലയിൽ ഡെങ്കിബാധിച്ചിരുന്നു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടൊപ്പം ഡെങ്കി കൂടി പടരുന്നത് പ്രശ്നം സങ്കീർണ്ണമാക്കും എന്ന കണക്കുകൂട്ടലിലാണ് അധികൃതർ . ഈ സാഹചര്യം കണക്കിലെടുത്താണ് ശക്തമായ പ്രതിരോധ പ്രവർത്തനം മേഖലയിൽ നടത്തി വരുന്നത്.
മേഖലയിലെ റബർ തോട്ടങ്ങളാണ് ഡെങ്കി കൊതുകിന്റെ ഉറവിടങ്ങളിൽ മുന്നിൽ നിൽക്കുന്നത്. ഇത് കണക്കിലെടുത്തു റബർ തോട്ടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യം പൂർണ്ണമായും ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ ആദ്യം തന്നെ തുടങ്ങിയിരുന്നു.
അങ്ങാടിക്കാവ് പി എച്ച് സി ഹെൽത്ത് ഇൻസ്‌പെക്ടർ വി.വി. രാജേഷ്, ജൂനിയർ എച്ച് ഐമാരായ പി.പി. സന്തോഷ് കുമാർ, പി എസ്. ഷാനിമോൾ . അരുൺ ദേവ് , എസ്.സി. അരുൺ , ജെ പി എച്ച് എൻ സിന്ധു എൻ നാരായണൻ എന്നിവർ പ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു.

ഡെങ്കിപ്പനി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ –
===========
ഈഡിസ്, ഈജിപ്തി , ഈഡിസ് ആൽബോപിറ്റക്സ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. സാധാരണ പനി , തലവേദന, ക്ഷീണം, ദേഹവേദന , സന്ധികളിലെ വേദന തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രക്തത്തിലെ പ്ളേറ്റ് ലെറ്റുകൾ കുറയുന്നത് അപകടം വരുത്തും. ലോക്ക് ഡൗൺ സമയത്ത് ആളുകൾ കൂടുതൽ സമയവും വീടിനകത്താകയാൽ വീട്ടു പരിസരത്ത് കൊതുക് സാന്ദ്രത കൂടുതലാണെങ്കിൽ കൊതുകുകടി ഏൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്.
കൊതുകിന്റെ ഉറവിടം നശിപ്പിക്കുക എന്നതിനൊപ്പം പുകക്കൽ, കൊതുകിനെ തുരത്തുന്ന ലേപനം പുരട്ടൽ എന്നിവകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. വീടിനു ചുറ്റുമുള്ള കാടുകൾ വെട്ടി നശിപ്പിക്കുകയും പരിസര ശുചികരണത്തിൽ ഏറെ ശ്രദ്ധചെലുത്തുകയും വേണം.

Related posts

ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ റിട്ട. അധ്യാപിക മേരി തോമസ് ചാലയ്ക്കൽ (83)അന്തരിച്ചു

Aswathi Kottiyoor

കാർഷിക മേഖലയ്ക്ക് പ്രത്യേക ബഡ്ജറ്റ് വേണം – ജോയി കൊന്നക്കൽ

Aswathi Kottiyoor

കെ.അപ്പനായരെ ആദരിച്ചു .

Aswathi Kottiyoor
WordPress Image Lightbox