24.3 C
Iritty, IN
October 6, 2024
  • Home
  • Thiruvanandapuram
  • തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഏകാഗ്രത കുറയ്‌ക്കുന്നു ; പഠന റിപ്പോർട്ട്‌ സർക്കാരിന്‌ നൽകി………….
Thiruvanandapuram

തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഏകാഗ്രത കുറയ്‌ക്കുന്നു ; പഠന റിപ്പോർട്ട്‌ സർക്കാരിന്‌ നൽകി………….

തിരുവനന്തപുരം:തുടർച്ചയായ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ വിദ്യാർഥികളുടെ ഏകാഗ്രതയെ ബാധിക്കുന്നതായി പഠനം. കോവിഡ്‌ കാലത്ത്‌ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർഥികളുടെ അക്കാദമികവും മാനസികവും സാമൂഹ്യവുമായ അവസ്ഥയെക്കുറിച്ച്‌ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയും (എസ്‌സിഇആർടി) തിരുവനന്തപുരം ഗവ. വനിതാ കോളേജിലെ സൈക്കോളജിക്കൽ റിസോഴ്‌സ്‌ സെന്ററും സംയുക്തമായി നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തൽ. ഡിജിറ്റൽ പഠനം നീണ്ടുപോകുന്തോറും കുട്ടികളിൽ ഏകാഗ്രതയും താൽപ്പര്യവും കുറയുകയാണ്‌. താൽപ്പര്യം നിലനിർത്താൻ ഡിജിറ്റൽ ക്ലാസുകളുടെ രീതി അനുക്രമമായി മാറ്റിയെടുക്കണം.

ഡിജിറ്റൽ ക്ലാസുകൾ തുടങ്ങിയശേഷം തലവേദന, (36.05 ശതമാനം) കണ്ണിന്‌ ക്ഷീണം (28.25 ശതമാനം) അനുഭവപ്പെടുന്നതായി വിദ്യാർഥികൾ റിപ്പോർട്ട്‌ ചെയ്‌തു. കുട്ടികളുടെ വ്യായാമക്കുറവാണ്‌ ഇതിന്‌ പ്രധാനകാരണം. മഹാമാരിക്കാലത്ത്‌ കൗമാരക്കാരായ വിദ്യാർഥികളുടെ വ്യായാമം തീരെ കുറഞ്ഞത്‌ ദീർഘകാലാടിസ്ഥാനത്തിൽ ജീവിതശൈലീ രോഗത്തിന്‌ വഴിയൊരുക്കും. രക്ഷിതാക്കളുടെ നിരന്തര ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണം. കണ്ണിനും നടുവിനും വേണ്ടത്ര വിശ്രമവും വ്യായാമവും ഉറപ്പാക്കണം.

ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളിൽ 4.39 ശതാനം പേർ ഇന്റർനെറ്റിന്റെ അമിതോപയോഗം നടത്തുന്നവരാണ്‌. കോവിഡ്‌ മഹാമാരി രക്ഷിതാക്കളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയെ സാരമായി ബാധിച്ചതായും പഠനം കണ്ടെത്തി. രക്ഷിതാക്കളിൽ 78.35 ശതമാനത്തിനും വരുമാനം കുറഞ്ഞു. 51. 18 ശതമാനം പേർക്കും വരുമാനം പകുതിയോ അതിൽ താഴെയോ ആയി. ജോലി നഷ്ടപ്പെട്ട രക്ഷിതാക്കളുടെ എണ്ണം 36. 05 ആണ്‌. വീട്ടുചെലവുകൾ 84. 3 ശതമാനം പേരും വെട്ടിക്കുറച്ചു. ഇത്‌ ഏറ്റവും അധികം ബാധിച്ചത്‌ പട്ടികജാതി വിഭാഗത്തിലുള്ള കുടുംബങ്ങളെയാണ്‌.

കോവിഡിന്റെ ആദ്യവരവിൽ സ്‌കൂൾ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ ക്ലാസുകൾക്ക്‌ ടെലിവിഷനും മൊബൈൽഫോണും നൂറ്‌ ശതമാനത്തോളം ഉറപ്പിക്കാനായി. പ്രൈമറി വിദ്യാർഥികളിൽ 97. 38 ശതമാനം പേരും ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികളിൽ 94. 18 ശതമാനം പേരും വിക്ടേഴ്‌സ്‌ ചാനലിലെ ഡിജിറ്റൽ ക്ലാസുകളിൽ പങ്കെടുക്കുന്നുണ്ട്‌. പഠനാവശ്യങ്ങൾക്കായി 95.33 ശതമാനം കുട്ടികൾക്കും സ്‌മാർട്ട്‌ഫോൺ ലഭ്യമായി. ടെലിവിഷനേക്കാൾ കൂടുതലായി ഫോണിനെയാണ്‌ കുട്ടികൾ പഠനത്തിന്‌ ആശ്രയിച്ചത്‌. 95.62 ശതമാനം വിദ്യാർഥികൾക്കും കഴിഞ്ഞ വർഷം അധ്യാപകരുടെ ഫോളോഅപ്‌ ക്ലാസുകൾ ലഭിച്ചു. മഹാമാരിക്കാലത്ത്‌ രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം വളരെ മെച്ചപ്പെട്ടതായും പഠനം കണ്ടെത്തി. അധ്യാപകരുടെ സഹായത്തോടെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കി. ശരാശരി 20 വിദ്യാർഥികൾക്ക്‌ വീതം ഇത്‌ ലഭിച്ചിട്ടുണ്ട്‌.

വിദ്യാർഥികളുടെ മാനസികാരോഗ്യ ദൗർബല്യത്തിലേക്ക്‌ നയിക്കുന്ന സവിശേഷതകളും സാഹച്യങ്ങളും തിരിച്ചറിയാൻ സ്‌കൂളുകളിൽ വേണ്ടത്ര കൗൺസലർമാരെ നിയോഗിക്കണം. ഇക്കാര്യത്തിൽ അധ്യാപകർക്കും പരിശീലനം നൽകണമെന്നും റിപ്പോർട്ട്‌ നിർദേശിക്കുന്നു. പഠന റിപ്പോർട്ട്‌ എസ്‌സിഇആർടി ഡയറക്ടർ ഡോ. ജെ പ്രസാദ്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക്‌ കൈമാറി.

Related posts

വിദ്യാര്‍ഥികളുടെ ബസ് യാത്രാനിരക്ക് ഇളവ് പഠിക്കാന്‍ സമിതിയെ നിയോഗിച്ചു.

Aswathi Kottiyoor

ഇന്ന് എ.കെ.ജി ദിനം

Aswathi Kottiyoor

ആർ നോട്ട് ശരാശരി നാലായി; കോവിഡ് രോഗികളുടെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളിൽ ഇരട്ടിയാവുന്നു….

Aswathi Kottiyoor
WordPress Image Lightbox