27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • സുരക്ഷ ഫയലിലുറങ്ങുന്നു – ഗോഡൗണിന്റെ വാതിൽ അടക്കം ചവിട്ടിപ്പൊളിച്ച് കാട്ടാനകൾ ആറളം ഫാമിൽ വിളയാട്ടം തുടരുന്നു
Iritty

സുരക്ഷ ഫയലിലുറങ്ങുന്നു – ഗോഡൗണിന്റെ വാതിൽ അടക്കം ചവിട്ടിപ്പൊളിച്ച് കാട്ടാനകൾ ആറളം ഫാമിൽ വിളയാട്ടം തുടരുന്നു

ഇരിട്ടി: ആറളം ഫാമിനെയും രണ്ടായിരത്തോളം കുടുംബങ്ങൾ അധിവസിക്കുന്ന ആദിവാസി പുനരധിവാസ മേഖലയെയും പൂർണമായും ആനഭീഷണിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാനുദ്ദേശിച്ച പദ്ധതി വര്ഷങ്ങളായി ഫയലിൽ ഉറങ്ങുമ്പോൾ മേഖലയെ ഭീതിയിലാഴ്ത്തിക്കൊണ്ട് കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. ജീവനും സ്വത്തിനും സംരക്ഷണ നൽകാനായി നടപ്പിലാക്കാനുദ്ദേശിച്ച 22 കോടി രൂപയുടെ ആന മതിൽ – റെയിൽ വേലി പദ്ധതിയാണ് നടപ്പിലാക്കാതെ ഫയലിൽ ഉറങ്ങുന്നത്.
കഴിഞ്ഞ ദിവസം എത്തിയ കാട്ടാനക്കൂട്ടം ആറളം ഫാമിൽ കനത്ത നാശമാണ് വിതച്ചത്. ഫാം ഗോഡൗണിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുകയും കശുമാവ് നേഴ്‌സറിക്കും വർക്ക് ഷോപ്പിനും സംരംക്ഷണം തീർത്തിരുന്ന കമ്പി വേലി നശിപ്പിക്കുകയും ചെയ്തു. കായ്ഫലമുള്ള 55 തെങ്ങ്, 2 കൂറ്റൻ പ്ലാവ്, 124 കൊക്കോ എന്നിവയും കുത്തിമറിച്ചിട്ടു നശിപ്പിച്ചു . 40 തേനീച്ചപ്പെട്ടികളും നശിപ്പിച്ചു. 16 ആനകൾ ഫാമിൽ തമ്പടിച്ചിരിക്കയാണെന്നാണ് താമസക്കാർ പറയുന്നത് .
3 ദിവസമായി ആനക്കൂട്ടം തുടർച്ചയായി ഇവിടെ നാശം വിതയ്ക്കുകയാണ്. ബ്ലോക്ക് 3, 8 എന്നിവിടങ്ങളിൽ തമ്പടിച്ചാണ് ആനക്കൂട്ടത്തിന്റെ ആക്രമണം. ബ്ലോക്ക് 3 ൽ നിറയെ കായ്ഫലമുണ്ടായിരുന്ന കൊക്കോമരങ്ങളാണ് പിഴുത് നശിപ്പിച്ചത് . ഈ മരങ്ങൾ ഉൾപ്പെടെ ചേർത്ത് വിളവ് ശേഖരണത്തിനു കരാറും നൽകിയിരുന്നതാണ്. ബ്ലോക്ക് 8 ലുള്ള ഗോഡൗണിന്റെ വാതിലാണ് ചവിട്ടിപ്പൊളിച്ചത്. ഇവിടെയുള്ള തെങ്ങുകളും പ്ലാവുകളുമാണ് നശിപ്പിച്ചത് . കശുമാവ് നഴ്‌സറി, വർക്ക് ഷോപ്പ് എന്നിവയുടെ ചുറ്റും 6 ലക്ഷം രൂപ മുടക്കി സ്ഥാപിച്ചതാണ് കമ്പിവേലി. വർക്ക് ഷോപ്പിൽ നിലവിലുള്ള 2 ബസ്, 2 ലോറി, 4 ജീപ്പ് എന്നിവയ്ക്കു പുറമേ അര കോടി രൂപയുടെ പുതിയ കാർഷിക യന്ത്രങ്ങൾ കൂടി എത്തിച്ചിട്ടുണ്ട്. ഇവ ആനക്കൂട്ടം തകർക്കാതിരിക്കാൻ സ്ഥാപിച്ച വേലി യാണ് തകർക്കപ്പെട്ടിട്ടുള്ളത്. എന്നാൽ വാഹനങ്ങൾക്കും യന്ത്രങ്ങൾക്കും നേരെ ആനക്കൂട്ടം തിരിഞ്ഞിട്ടില്ലെന്നതു മാത്രമാണ് ആശ്വാസം.
കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരും തൊഴിലാളികളും ജോലി ചെയ്യുന്നതിനിടയിൽ കാട്ടാനക്കൂട്ടം കൂടി ആക്രമണകാരികളായി ഉറങ്ങിയത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 2 മാസം മുൻപ് വനപാലകർ ആനക്കൂട്ടത്തെ ആറളം വന്യജീവി സങ്കേതത്തിലേക്ക് തുരത്തിയതിനെത്തുടർന്ന് കുറച്ചു കാലത്തേക്ക് ആശ്വാസം ഉണ്ടായിരുന്നെങ്കിലും പിന്നീട് ആനകൾ എല്ലാം തന്നെ ഫാമിൽ തിരിച്ചെത്തിയതായാണ് ജീവനക്കാർ പറയുന്നത് . രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാട്ടാനകളുടെ ആക്രമണം തുടരുന്നതിനാൽ ജീവനക്കാരും തൊഴിലാളികളും പുനരധിവാസ മേഖലയിലെ ആദിവാസി കുടുംബങ്ങളും ഭീതിയിലാണ് .
അതേസമയം കാട്ടാനകളുടെ ഭീതിയിൽ നിന്നും ഫാമിനെയും പുനരധിവാസ മേഖലയെയും രക്ഷിക്കാനുള്ള പദ്ധതി എന്ന നിലയിലായിരുന്നു ഒരുവർഷം മുൻപ് ആനമതിൽ – റയിൽ വേലി പദ്ധതി ആവിഷ്കരിച്ചത്. ഇതിനായി 22 കോടി അനുവദിക്കുകയും ചെയ്തു. പ്രവർത്തി ഉദ്‌ഘാടനം പോലും നടത്താതെ ഈ പദ്ധതി ഇപ്പോഴും ഫയലിൽ ഉറങ്ങുകയാണ്.
കഴിഞ്ഞ 6 വർഷത്തിനിടയിൽ ഫാമിൽ 8 പേരാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർ പരുക്കേൽക്കുകയും ചെയ്തു. കാട്ടാനകളിൽ നിന്നും ഫാമിനു മാത്രം കഴിഞ്ഞ വർഷം 5 കോടി രൂപയുടെ നഷ്ടം ഉണ്ടായാതായാണ് കണക്കുകൾ. സംരക്ഷണ പദ്ധതിക്ക് അനുമതി ലഭിച്ച ഉടൻ ആനമതിൽ പണി തുടങ്ങിയിരുന്നെങ്കിൽ ഇപ്പോൾ പ്രവർത്തി പൂർത്തിയാക്കാൻ കഴിയുമായിരുന്നു .

Related posts

എസ് എസ് എൽ സി – പ്ലസ്ടു പരീക്ഷകളിലെ ചരിത്ര വിജയം ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ വിജയാഹ്ലാദറാലി നടത്തി

Aswathi Kottiyoor

പുനർ നിർമ്മിച്ച പ്രളയത്തിൽ തകർന്ന പാറക്കാമല പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു

Aswathi Kottiyoor

റോഡ് പണിതു എന്നാൽ റോഡിലേക്ക് കടക്കുന്ന കലുങ്കിൽ സ്ലാബില്ല – പ്രതിഷേധവുമായി ബി ജെ പി

Aswathi Kottiyoor
WordPress Image Lightbox