തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് ഏകീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ ഒരു ദിവസം പരമാവധി 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്നും ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തില്‍ പറയുന്നു. വെന്റിലേറ്റർ ഐസിയുവിന് എൻ എബി എച്ച് അംഗീകൃത ആശുപത്രികളിൽ 15,180 രൂപയും മറ്റിടങ്ങളിൽ 13,800 രൂപയുമാക്കി നിശ്ചയിച്ചു. ഏതെങ്കിലും കാരണവശാല്‍ അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല്‍ ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കാം. നേരിട്ടോ ഇ-മെയില്‍ വഴിയോ പരാതി നല്‍കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്‍നിന്ന് ഈടാക്കും എന്നാണ് സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നിരവധി ഹോസ്പിറ്റലുകൾ കോവിഡ് കാലത്ത് രോഗികളെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഹൈകോടതിയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.