കേളകം: വേനൽ മഴ കനത്തതോടെ കേളകം ടൗണിൽ മഴവെള്ളം ഒഴുകുന്നത് റോഡിലൂടെ. ഓവുചാലുകൾ ശുചീകരിക്കാത്തതാണ് പ്രധാന കാരണം. മഴവെള്ളം ഒഴുകേണ്ട ഓവുചാലുകൾ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരിക്കുകയാണ്.
മഴ പെയ്യുമ്പോൾ പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. ശുചിത്വ കേളകം, സുന്ദര കേളകം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും വ്യാപാരികളുടെയും നേതൃത്വത്തിൽ ടൗണും പരിസരവും വൃത്തിയാക്കിയെങ്കിലും വെള്ളമൊഴുകി പോകേണ്ട ഓടകൾ വൃത്തിയാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. മലയോര മേഖലയിൽ ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോൾ ഇത്തരത്തിൽ മലിന ജലം റോഡിലേക്ക് ഒഴുകിയെത്തുന്നത് വൻ ആശങ്കയാണുണ്ടാക്കുന്നത്.