ഇരിട്ടി: യുഡിഎഫ് പ്രവർത്തകൻ യു.പി. സിനാന്റെ ദാരുണാന്ത്യത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി പര്യടന പരിപാടി നിർത്തിവച്ച് സ്ഥാനാർഥി സണ്ണി ജോസഫ്.
ഇന്നലെ ചാവശേരിയിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടന പരിപാടിയ്ക്ക് സ്വീകരണം നൽകുന്നതിനായി പത്തൊമ്പതാം മൈലിൽ കൊടിതോരണങ്ങൾ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ച എംഎസ്എഫ് ഇരിട്ടി നഗരസഭാ കമ്മിറ്റി ട്രഷറർ യു.പി.സിനാന്റെ നിര്യാണം വലിയ നഷ്ടമാണ് പ്രസ്ഥാനത്തിനും നാടിനുമുണ്ടാക്കിയതെന്ന് സണ്ണി ജോസഫ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വിലാപയാത്രയിൽ സണ്ണി ജോസഫ് മുഴുവൻ സമയ പങ്കാളിയായിരുന്നു. ഉച്ചകഴിഞ്ഞു മൂന്നിന് വീട്ടിലെത്തിച്ച മൃതദേഹം ചാവശേരി മദ്രസഹാളിൽ പൊതുദർശനത്തിനുശേഷം ചാവശേരി ഖബർസ്ഥാനിൽ കബറടക്കി. കെ.സുധാകരൻ എംപി, കെ.സി.വേണുഗോപാൽ എംപി, അബ്ദുൾ ഖാദർ മൗലവി, അൻസാരി തില്ലങ്കേരി, അബ്ദുറഹ്മാൻ കല്ലായി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.