പെട്രോൾ, ഡീസൽ, പാചകവാതക വില കുത്തനെ ഉയർത്തി ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്‌ച വൈകിട്ട് 5ന് സിപിഐ എം നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിക്കും.
സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കുടുംബങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ച് ഒത്തുചേർന്ന് അടുപ്പ് കൂട്ടി പാചകം ചെയ്‌ത് പ്രതിഷേധം അറിയിക്കും. 2014-ൽ 72 രൂപയായിരുന്ന പെട്രോളിന് ഇപ്പോൾ വില നൂറു കടന്നു. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോഴും നികുതി ഉയർത്തി വില വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ പെട്രോളിന് 2.98 രൂപയും ഡീസലിന് 3.30 രൂപയും വർധിപ്പിച്ചു.
കേരളത്തിൽ എൽഡിഎഫ് സർക്കാർ അരിയും ഭക്ഷ്യവസ്‌തുക്കളും സൗജന്യമായി നൽകുന്നുണ്ടെങ്കിലും അത് പാചകം ചെയ്‌ത് കഴിക്കാൻ വലിയ വില നൽകേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ. ഒരു മാസത്തിൽ മൂന്നു തവണ പാചകവാതക വില വർധിപ്പിച്ചു.കോവിഡ് കാലത്തും ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന ബിജെപി സർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധം ഉയരണമെന്നും അടുപ്പുകൂട്ടി സമരം സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.