പേരാവൂർ: ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ മുഴുവൻ അംഗനവാടികളും “ഹരിത അംഗനവാടി”കളായി. പഞ്ചായത്തിലെ 16 വാർഡുകളിലായി പ്രവർത്തിക്കുന്ന 24 അംഗനവാടികളും അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറുകയും, ജൈവ -ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സ്വയം സംസ്ക്കരിക്കുകയും ചെയ്യുന്നതിന് സംവിധാനം ഒരുക്കുകയും ശേഷം ഹരിതമായി സ്വയം പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ശുചിത്വ വിജിലൻസ് സ്ക്വാഡ് പരിശോധന നടത്തി “ഹരിത അംഗനവാടി”കളായിയെന്ന് ഉറപ്പാക്കിയാണ് ഗ്രേഡ് നൽകിയത്.
പ്രഖ്യാപനവും, ഗ്രേഡ് സർട്ടിഫിക്കറ്റ് വിതരണവും, മികച്ച അംഗനവാടികൾക്കുള്ള ഉപഹാരം വിതരണവും ഐ സി ഡി എസ് ഓഫീസ് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷയായി. പേരാവൂർ ബ്ലോക്ക് സി ഡി പി ഒ ബിജി തങ്കപ്പൻ മുഖ്യാഥിതിയായി.
ഹെൽത്ത് ഇൻസ്‌പെക്ടർ ദിവ്യ രാഘവൻ റിപ്പോർട് അവതരിപ്പിച്ചു. സ്ഥിര സമിതി അധ്യക്ഷരായ റീന മനോഹരൻ, എം ശൈലജ, പഞ്ചായത്ത് അംഗങ്ങളായ ബേബി സോജ, റജീന സിറാജ്, സി യമുന, കെ വി ബാബു, അസി. സെക്രട്ടറി പി പി സിനി, ഐ സി ഡി എസ് സൂപ്പർവൈസർ എം പി ആശ, എ കെ ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.