ടെക്‌സസ്: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്‌സ് നടത്തിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്‍റെ ആറാം പരീക്ഷണവും വിജയമായി. എന്നാല്‍ ഇതുവരെ നിര്‍മിക്കപ്പെട്ട ഏറ്റവും വലുതും ഭാരമേറിയതും കരുത്തുറ്റതുമായ വിക്ഷേപണ വാഹനത്തിന്‍റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭാഗത്തെ ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില്‍ വച്ച് പിടികൂടാന്‍ സ്പേസ് എക്‌സ് ഇത്തവണ ശ്രമിച്ചില്ല.
ടെക്‌സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെ സാക്ഷിയാക്കിയായിരുന്നു സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആറാം പരീക്ഷണം. കഴിഞ്ഞ മാസം നടന്ന അഞ്ചാം പരീക്ഷണത്തില്‍ സ്പേസ് എക്‌സ് വിജയിപ്പിച്ച, കൂറ്റന്‍ യന്ത്രകൈയിലേക്ക് (‘മെക്കാസില്ല’) ബൂസ്റ്റര്‍ ഘട്ടത്തെ തിരിച്ചിറക്കുന്ന വിസ്‌മയം ഇത്തവണയുമുണ്ടാകും എന്നായിരുന്നു ലോഞ്ചിന് മുന്നോടിയായി സ്പേസ് എക്‌സിന്‍റെ അറിയിപ്പ്. ഇതോടെ ലോകമെങ്ങുമുള്ള ശാസ്ത്രകുതകികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ ആ അസുലഭ കാഴ്‌ച ഇത്തവണ ഉണ്ടായില്ല. പകരം ബൂസ്റ്ററിനെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേക്ക് നിയന്ത്രിത ലാന്‍ഡിംഗ് നടത്തുകയാണ് സ്പേസ് എക്‌സ് ചെയ്‌ത്.