ലോകചാമ്പ്യന്മാരായ അർജൻ്റീന ഫുട്ബോൾ ടീം അടുത്ത വർഷം കേരളത്തിലെത്തും. കേരള പര്യടനത്തിൽ അർജന്റീനിയൻ ഫുട്ബോൾ അസോസിയൻ അനുമതി ലഭിച്ചതായാണ് സൂചന. നാളെ കായികമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും. മെസി എത്തുന്നതിലും എഎഫ്എ അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ രണ്ട് മത്സരങ്ങൾ ഉണ്ടാവാനാണ് സാധ്യത. അര്‍ജന്‍റീന ദേശീയ ടീമും ഏഷ്യയിലെ പ്രഖുഖ ടീമുമായും മത്സരത്തിന് സാധ്യതയുണ്ട്.
ആവേശം വാനോളമുയർത്തി അവരെത്തുകയാണ്, നമ്മുടെ സ്വന്തം നാട്ടിലേക്ക്. അർജന്റീന ടീമിൻ്റെ വരവ് ഫുട്ബോൾ വികാരമാക്കുന്ന ഓരോ മലയാളിക്കും നൽകുന്നത് രോമാഞ്ചം. കായികമന്ത്രിയുടെ ഏറെ നാളത്തെ ശ്രമങ്ങളാണ് ഒടുവിൽ ഫലം കണ്ടത്. അടുത്ത വർഷം അവസാനമായിരിക്കും ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്കുള്ള ലോകചാമ്പ്യന്മാരുടെ വരവ്. അടുത്ത ആകാംക്ഷ മെസിയെത്തുമോ എന്നത്. രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂളും എഎഫ്ഐ തീരുമാനവും മെസിയുടെ കാര്യത്തിൽ നിർണ്ണായകം. മെസി കൂടി വന്നാൽ പിന്നെ നമുക്ക് ആറാടാൻ മറ്റെന്ത് വേണം. കേരളത്തിൽ രണ്ട് മത്സരളങ്ങളാകും അർജൻ്റീന ദേശീയ ടീമിനുണ്ടാകുക എന്നാണ് വിവരം. കളി ഏഷ്യയിലെ പ്രമുഖ ടീമുമായാകും. ഭാരിച്ച ചെലവാണ് ലോകകപ്പ് ജേതാക്കളെ കൊണ്ട് വരാൻ. പക്ഷെ അതിനായി സ്പോൺസർമാരുമായി ധാരണയിലെത്തിയെന്നും സൂചനയുണ്ട്.
സൗഹൃദ മത്സരം കളിക്കാനുള്ള ലോക ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നേരത്തെ നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലേക്ക് ക്ഷണിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ വ്യക്തമാക്കിയത്. അർജൻ്റീന ടീമിനെ ഇന്ത്യയിലെത്തിക്കാനുള്ള ഉയർന്ന ചെലവായിരുന്നു ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ക്ഷണം നിരസിക്കുന്നതിന് കാരണമായത്.
2022-ൽ ഫുട്ബോൾ ലോകകപ്പ് നേടിയത് അർജൻ്റീനയായിരുന്നു. കേരളത്തിൽ ഏറെ ആരാധകരുള്ള ഫുട്ബോൾ ടീമാണ് അർജൻ്റീന. കേരളത്തിലെ ലോകകപ്പ് ആവേശം അന്താരാഷ്ട്ര തലത്തിൽ തന്നെ വാർത്തയായിരുന്നു. ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെയടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അര്‍ജന്റീന അംബാസഡറെ സന്ദർശിച്ച് സംസ്ഥാനത്ത് ഫുട്‌ബോള്‍ വികസനത്തിന് അര്‍ജന്റീനയുമായി സഹകരിക്കുന്നതിനുള്ള താത്പര്യം അറിയിച്ചിരുന്നു. 2011 ൽ മെസി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്.