ആഴ്ചയിൽ 84 മണിക്കൂർ ജോലി ചെയ്യണമെന്ന വിവാദ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ശ്രദ്ധ നേടിയ കമ്പനി സിഇഒ തനിക്ക് വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്ന ആരോപണവുമായി രംഗത്ത്.
AI സ്റ്റാർട്ടപ്പ് ഗ്രെപ്‌റ്റൈലിൻ്റെ ഇന്ത്യൻ വംശജനായ സിഇഒ ദക്ഷ് ഗുപ്തയാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് തൻറെ കമ്പനിയുടെ നയമായി ആഴ്ചയിൽ 84 മണിക്കൂർ ജോലി എന്ന തൊഴിൽ രീതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർത്തിയിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിന് മറുപടിയായി നിരവധിയാളുകളിൽ നിന്ന് തനിക്ക് ഇമെയിലിൽ വധഭീഷണി സന്ദേശങ്ങൾ ലഭിച്ചു എന്നാണ് ഇപ്പോൾ ദക്ഷ് ഗുപ്തയുടെ മറ്റൊരു സോഷ്യൽ മീഡിയ പോസ്റ്റ് വ്യക്തമാക്കുന്നത്.
തൻറെ സോഷ്യൽ മീഡിയ പോസ്റ്റിനു ശേഷം ഇമെയിലിൽ ലഭിച്ച സന്ദേശങ്ങളിൽ 20 ശതമാനം വധഭീഷണികളും 80 ശതമാനം ജോലിക്കുള്ള അപേക്ഷകളും ആയിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്. ഗ്രെപ്‌റ്റൈലിലെ ജീവനക്കാർ സാധാരണയായി രാവിലെ 9 മുതൽ രാത്രി 11 വരെയോ അതിൽ കൂടുതൽ സമയമോ ജോലി ചെയ്യാറുണ്ടെന്ന് ഗുപ്ത പങ്കുവെച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളുടെ പെരുമഴ ഉയർന്നത്. തൊഴിൽ അന്വേഷകരോടായി ഇദ്ദേഹം പറഞ്ഞത്, തന്റെ സ്ഥാപനത്തിലെ ജോലി സമ്മർദ്ദം നിറഞ്ഞതായിരിക്കുമെന്നും ജോലിയും ജീവിതവും തമ്മിൽ ബാലൻസ് ചെയ്തു പോകുന്നതായിരിക്കില്ല എന്നുമായിരുന്നു.
കഴിഞ്ഞ ദിവസത്തെ സോഷ്യൽ മീഡിയ പോസ്റ്റിൽ അമിതജോലിയും കുറഞ്ഞ വേതനവും അനുഭവിക്കുന്ന ജീവനക്കാരോട്, പ്രത്യേകിച്ച് അമേരിക്കയ്ക്ക് പുറത്തുള്ള സോഫ്റ്റ്‌വെയർ ജോലികൾ ചെയ്യുന്നവരോട് അദ്ദേഹം സഹാനുഭൂതി പ്രകടിപ്പിച്ചു. വിശ്രമമില്ലാത്ത തൊഴിൽ സംസ്‌കാരം എന്നെന്നേക്കുമായി നീണ്ടുപോകുന്നതല്ലെന്നും ഇത് ഒരു സംരംഭത്തിൻ്റെ ആദ്യകാല വളർച്ചാഘട്ടത്തിൻ്റെ ഭാഗം മാത്രമാണെന്നും ഗുപ്ത വ്യക്തമാക്കി.
ഗുപ്തയുടെ ആദ്യത്തെ സോഷ്യൽ മീഡിയ പോസ്റ്റിനെ, ‘വിഷലിപ്തമായ തൊഴിൽ അന്തരീക്ഷം നൽകുന്ന ഇടം’ എന്നായിരുന്നു നെറ്റിസൺസ് വിശേഷിപ്പിച്ചത്. തൊഴിലാളികൾ അടിമകൾ അല്ലെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.