കൊല്ലം: കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ നിർണായക മൊഴി പുറത്ത്. വിജയലക്ഷ്മിയെ കൊലപ്പെടുത്തിയത് കാണാതായ നവംബർ 6 ന് വൈകിട്ടാണെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ഭാര്യ മറ്റൊരു വീട്ടിൽ ജോലിക്കായി പോയ സമയത്താണ് സംഭവം നടന്നത്. മകൻ അമ്മയുടെ വീട്ടിലുമായിരുന്നു. ഈ സമയത്ത് ജയചന്ദ്രൻ സ്വന്തം വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ പിടിച്ച് ശക്തിയിൽ തള്ളി. തെറിച്ച് പോയ വിജയലക്ഷ്മി കട്ടിലിൽ തലയിടിച്ച് വീണ് മരിച്ചുവെന്നാണ് പൊലീസിനോട് ജയചന്ദ്രൻ പറഞ്ഞത്. മരിച്ചുവെന്ന് ഉറപ്പായതോടെ വീട്ടിൽ തന്നെ മൃതദേഹം സൂക്ഷിച്ചു. രാത്രിയിൽ വീട്ടുകാർ ഉറങ്ങിയപ്പോൾ തൊട്ടടുത്ത പറമ്പിൽ കുഴിച്ചിട്ടു. അധികം ആഴമില്ലാത്ത കുഴിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഹാർബറിൽ ഒരുമിച്ച് ജോലി ചെയ്തവരാണ് ഇരുവരും. നേരത്തെയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിൽ പണമിടപാടുണ്ടായിരുന്നു.