25 വർഷം മുമ്പ് കേരളത്തിൽ ലോകായുക്ത യാഥാർത്ഥ്യമാക്കിയത് അന്നത്തെ എൽ ഡി എഫ് സർക്കാരായിരുന്നു. കാൽനൂറ്റാണ്ട് കാലത്തെ പ്രവർത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ കരുത്തോടെ മുന്നോട്ടു പോകാൻ കഴിയുന്ന ചർച്ചകളാൽ സമ്പന്നമാകണം ദിനാചരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിർദ്ദേശങ്ങൾ 90 ദിവസത്തിനുള്ളിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലോകായുക്തയിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവർ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയിൽ ഫയൽ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ സമർപ്പിക്കുന്നതാണ്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതിൽ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകായുക്ത ജസ്റ്റിസ് എൻ അനിൽ കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഓൺലൈനായി പങ്കെടുത്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, കേരള ലോകായുക്ത അഡ്വക്കറ്റ്സ് ഫോറം അഡ്വ.എൻ എസ് ലാൽ, ട്രിവാൻഡ്രം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ് എസ് ബാലു തുടങ്ങിയവർ സംസാരിച്ചു.