28.2 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല; കാരണം വ്യക്തമാക്കി സഞ്ജു
Uncategorized

സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല; കാരണം വ്യക്തമാക്കി സഞ്ജു

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം സെഞ്ചുറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സ് പൂര്‍ത്തിയായതിന് പിന്നാലെ ബ്രോഡ്കാസ്റ്റര്‍മാരോട് സംസാരിക്കുമ്പോഴായിരുന്നു സഞ്ജു സെഞ്ചുറിയെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്ന് വ്യക്തമാക്കിയത്.

ജീവിതത്തില്‍ എനിക്ക് ഒട്ടേറെ പരാജയങ്ങളുണ്ടായിട്ടുണ്ട്. അടുപ്പിച്ച് രണ്ട് സെഞ്ചുറി അടിച്ചശേഷം അടുപ്പിച്ച് രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായി. അപ്പോഴും ഞാനെന്‍റെ കഴിവില്‍ മാത്രമാണ് വിശ്വസിച്ചത്. മികച്ച പ്രകടനം നടത്താനായി കഠിനാധ്വാനം ചെയ്തു. അതിന് ഇന്ന് ഫലമുണ്ടായി. തുടര്‍ച്ചയായി രണ്ട് കളികളില്‍ പൂജ്യത്തിന് പുറത്തായതോടെ ഒട്ടേറെ ചിന്തകളാണ് എന്‍റെ തലയിലൂടെ കടന്നുപോയത്. ഇന്ന് ബാറ്റിംഗിനിറങ്ങിയപ്പോൾ ആദ്യം അഭിഷേക് ശര്‍മയും പിന്നീട് തിലക് വര്‍മയും എന്നെ ഏറെ സഹായിച്ചു. തിലക് വര്‍മക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായി.

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമാണവന്‍. അവനൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനായതില്‍ സന്തോഷമുണ്ട്. സെഞ്ചുറിയെക്കുറിച്ച് ഞാനധികം സംസാരിക്കുന്നില്ല. കാരണം, കഴിഞ്ഞ തവണ സെഞ്ചുറി നേടിയപ്പോള്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. അതിന് പിന്നാലെ ഞാന്‍ രണ്ട് കളികളില്‍ ഡക്ക് ആയി. അതുകൊണ്ട് തന്നെ എനിക്ക് ചെയ്യാനാവുന്ന കാര്യങ്ങള്‍ ലളിതമായി ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്തായാലും ഇത്തരമൊരു പ്രകടനമായിരുന്നു ക്യാപ്റ്റനും ഞങ്ങളില്‍ നിന്ന് പ്രതീക്ഷിച്ചത്. അത് നല്‍കാനായതില്‍ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടി20യില്‍ സെഞ്ചുറി നേടിയ സഞ്ജു പിന്നാലെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായിരുന്നു. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ ജയിച്ച് പരമ്പര 3-1ന് സ്വന്തമാക്കിയതോടെ ഇന്ത്യ ഈ വര്‍ഷം ടി20യോട് വിജയത്തോടെ വിടചൊല്ലി. ഈ വര്‍ഷം കളിച്ച 26 മത്സരങ്ങളില്‍ 25 വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോകകപ്പിലെ അപരാജിത കിരീട നേട്ടവും ഇതിലുള്‍പ്പെടുന്നു. ഇനി അടുത്തവര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ദക്ഷിണാഫ്രിക്കക്കെതിരായ മിന്നും പ്രകടനത്തോടെ സഞ്ജുവും തിലക് വര്‍മയും ഇംഗ്ലണ്ടിനെതിരായ പരമ്പരയിലും ടീമില്‍ സ്ഥാനം ഉറപ്പാക്കി കഴിഞ്ഞു.

Related posts

‘പരാമർശം വ്യക്തിക്കെതിരെയല്ല, സ്ത്രീയായത് കൊണ്ടുമല്ല; ‘സാധനം’ എന്ന വാക്ക് പിൻവലിക്കുന്നു’: കെ എം ഷാജി

Aswathi Kottiyoor

മദ്യപിച്ച് ലക്കുകെട്ട് അമ്മയെ തല്ലുന്നത് സ്ഥിരം കാഴ്ച; സഹികെട്ട് 15കാരനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, അറസ്റ്റ്

Aswathi Kottiyoor

ഇഡിക്കെതിരായ അരവിന്ദ് കെജ്രിവാളിൻ്റെ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox