ഒരു ആഴ്ചയിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ആരോഗ്യ വകുപ്പ് ജീവനക്കാർ തട്ടിപ്പ് കണ്ടെത്തിയത്. മുത്തുലക്ഷ്മി മറ്റേണിറ്റി പദ്ധതിയിൽ നിന്നുള്ള 18.6 ലക്ഷം രൂപയാണ് സർക്കാർ ജീവനക്കാർ തട്ടിപ്പ് കാണിച്ച് സ്വന്തമാക്കിയത്. ആരോഗ്യ വകുപ്പിന് ലഭിച്ച ചില പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു ഓഡിറ്റ് ടീം പുതുക്കോട്ടയിലെ കനികപ്പെട്ടിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയത്. 2019 മുതൽ 2024 വരെയുള്ള കണക്കുകളിലാണ് തിരിമറി നടന്നിട്ടുള്ളത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കീഴിലുള്ള ഗർഭിണികളെന്ന പേരിൽ പലരുടേയും പേരുകൾ രജിസ്റ്റർ ചെയ്ത ശേഷം ഇവർക്കായി സർക്കാർ നൽകുന്ന ധനസഹായമാണ് ജീവനക്കാർ തട്ടിയെടുത്തിയിരുന്നത്.
പദ്ധതി അനുസരിച്ച് 18000 രൂപയാണ് ഗർഭിണിക്ക് പോഷകാഹാരം ലഭ്യമാക്കാനായി പല ഘട്ടത്തിൽ നൽകിയിരുന്നത്. ഈ പണമാണ് പിഎച്ച്സിയിലെ അക്കൌണ്ട് അസിസ്റ്റന്റും താൽക്കാലിക ജൂനിയർ അസിസ്റ്റന്റും ചേർന്ന് തട്ടിയെടുത്തത്. ഇവരെ സർവ്വീസിൽ നിന്ന് പുറത്താക്കിയതിന് പുറമേ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ മറ്റ് ജീവനക്കാർക്കും തട്ടിപ്പിൽ പങ്കുണ്ടെങ്കിൽ അവർക്കെതിരേയും നടപടി വരുമെന്ന് ആരോഗ്യ വകുപ്പ് വിശദമാക്കി.