മുംബൈ: വീടിന് മുന്നിൽ സഹോദരിമാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അഴുക്കു ചാലിൽ മരിച്ച നിലയിൽ. കൃഷ്ണ ഓം പ്രകാശ് ഗുപ്ത എന്ന പിഞ്ചുബാലനെയാണ് അഴുക്കു ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുംബൈയിലെ താനെയ്ക്ക് സമീപത്തെ കൽവയിലാണ് ദാരുണ സംഭവം.
ഏഴും മൂന്നും വയസ് പ്രായമുള്ള സഹോദരിമാർക്കൊപ്പം കളിക്കുകയായിരുന്ന ഒന്നര വയസുകാരൻ ചന്തയിലേക്ക് പോയ മുത്തച്ഛനെ പിന്തുടർന്നപ്പോഴാണ് തുറന്ന് കിടന്നിരുന്ന അഴുക്ക് ചാലിൽ വീണതെന്നാണ് സംശയിക്കുന്നത്. കുട്ടിയുടെ രക്ഷിതാക്കൾക്ക് വീടിന് സമീപത്ത് ഒരു ചായക്കടയുണ്ട്. കുട്ടി പിന്നാലെ വരുന്നത് മുത്തച്ഛൻ അറിഞ്ഞിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. തുറന്ന് കിടന്ന ഗേറ്റിലൂടെ മുത്തച്ഛനെ പിന്തുടർന്ന ഒന്നര വയസുകാരൻ അഴുക്ക് ചാലിലേക്ക് അബദ്ധത്തിൽ വീണതായാണ് വിവരം.
കുട്ടിയെ മുത്തച്ഛൻ പുറത്ത് കൊണ്ട് പോയതാണെന്ന ധാരണയിലായിരുന്നു മാതാപിതാക്കളുണ്ടായിരുന്നത്. മുത്തച്ഛൻ തിരികെ വന്നപ്പോൾ കുട്ടിയെ കാണാതെ വന്നതോടെയാണ് കുടുംബം ഒന്നര വയസുകാരനായി തെരച്ചിൽ ആരംഭിച്ചത്. വീട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും അയൽവാസികളുമായി ചേർന്ന് പരിസരത്ത് തെരച്ചിൽ നടത്താനും തുടങ്ങി. ഇതിനിടയിലാണ് വീടിന് സമീപത്തായുള്ള അഴുക്ക് ചാലിൽ കെട്ടി നിന്ന വെള്ളം പുറത്തേക്ക് ഒഴുകുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കമ്പ് കൊണ്ട് പരിശോധന നടത്തിയപ്പോൾ കുട്ടിയുടെ മൃതദേഹം പൊന്തി വരികയായിരുന്നു.