20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • രഞ്ജി ട്രോഫി: കേരളത്തിന്റെ ജയം എട്ട് വിക്കറ്റകലെ! മഴ കളിച്ച മത്സരത്തില്‍ ഉത്തര്‍ പ്രദേശ് പതറുന്നു
Uncategorized

രഞ്ജി ട്രോഫി: കേരളത്തിന്റെ ജയം എട്ട് വിക്കറ്റകലെ! മഴ കളിച്ച മത്സരത്തില്‍ ഉത്തര്‍ പ്രദേശ് പതറുന്നു


തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഉത്തര്‍ പ്രദേശിനെതിരെ കേരളത്തിന്റെ വിജയം എട്ട് വിക്കറ്റകലെ. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ഇന്നിംഗ്‌സില്‍ കേരളം 233 റണ്‍സിന്റെ ലീഡ് നേടിയിരുന്നു. പിന്നാലെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച യുപി രണ്ടിന് 66 എന്ന നിലയിലെത്തി നില്‍ക്കെ മഴയെത്തി. പിന്നീട് മത്സരം തുടരാന്‍ സാധിച്ചില്ല. ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 162നെതിരെ കേരളം 395 റണ്‍സ് നേടി. സല്‍മാന്‍ നിസാറാണ് (93) കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി (83) മികച്ച പ്രകടനം പുറത്തെടുത്തു. ആക്വിബ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു. ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനാണ് യുപിയെ തകര്‍ത്തത്.

രണ്ടാം ഇന്നിംഗ്‌സില്‍ ആര്യന്‍ ജുയല്‍ (12), പ്രിയം ഗാര്‍ഗ് (22) എന്നിവരുടെ വിക്കറ്റുകളാണ് യുപിക്ക് നഷ്ടമായത്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മാധവ് കൗശിക് (27), നിതീഷ് റാണ (5) എന്നിവരാണ് ക്രീസില്‍. ജലജ് സക്‌സേന, കെ എം ആസിഫ് എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. ഏഴിന് 340 എന്ന നിലയിലാണ് കേരളം മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. ഇന്ന് 55 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും കേരളത്തിന് നഷ്ടമാായി. വ്യക്തിഗത സ്‌കോറിനോട് 19 റണ്‍സ് കൂട്ടിചേര്‍ത്ത് സല്‍മാന്‍ ആദ്യം മടങ്ങി. ആക്വിബിന്റെ പന്തില്‍ സിദ്ധാര്‍ത്ഥ് യാദവിന് ക്യാച്ച്. തുര്‍ന്നെത്തിയ ബേസില്‍ തമ്പി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ അസറുദ്ദീന്‍ (40) ഒരറ്റത്ത് ആക്രമണം തുടര്‍ന്നപ്പോള്‍ ലീഡ് 250 കടന്നു. ആക്വിബ് വിക്കറ്റെടുത്തതോടെ കേരളത്തിന്റെ പോരാട്ടം 395ല്‍ അവസാനിച്ചു. ആക്വിബിന് പുറമെ ശിവം മാവി, സൗരഭ് കുമാര്‍, ശിവം ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാബ അപരാജിതിന്റെ (32) വിക്കറ്റാണ് ഇന്നലെ കേരളത്തിന് ആദ്യം നഷ്ടമാകുന്നത്. പിന്നാലെ ക്രീസിലെത്തിയ ആദ്യത്യ സര്‍വാതെയ്ക്കും (14), അക്ഷയ് ചന്ദ്രനും (24) തിളങ്ങാനായില്ല. സര്‍വാതെയും ശിവം ശര്‍മയും അക്ഷയ്യെ സൗരഭ് കുമാറും പുറത്താക്കി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന സച്ചിന്‍ – സല്‍മാന്‍ സഖ്യം 99 റണ്‍സ് കൂട്ടിചേര്‍ത്തു. സച്ചിനെ പുറത്താക്കി മാവിയാണ് കൂട്ടുകെട്ട് പൊളിച്ചത്. സച്ചിന്റെ ഇന്നിംഗ്സില്‍ എട്ട് ബൗണ്ടറികളുണ്ടായിരുന്നു. പിന്നീടെത്തിയ ജലജ് സക്സേനയും (35) നിര്‍ണായക സംഭാവന നല്‍കി. സല്‍മാനൊപ്പം 59 റണ്‍സ് ചേര്‍ക്കാന്‍ സക്സേനയ്ക്ക് സാധിച്ചിരുന്നു.

എന്നാല്‍ പിയൂഷ് ചൗളയുടെ പന്തില്‍ സക്സേന വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രോഹന്‍ കുന്നുമ്മല്‍ (28), വത്സല്‍ ഗോവിന്ദ് (22) എന്നിവരുടെ വിക്കറ്റുകള്‍ കേരളത്തിന് ആദ്യദിനം നഷ്ടമായിരുന്നു. ഭേദപ്പെട്ട തുടക്കമാണ് ഇരുവരും കേരളത്തിന് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹനെ പുറത്താക്കി അക്വിബ് ഖാനാണ് കേരളത്തിന്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോര്‍ 69ല്‍ നില്‍ക്കെ വത്സല്‍ ഗോവിന്ദിനെ ശിവം മാവി വീഴ്ത്തി.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് 162 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 30 റണ്‍സെടുത്ത ശിവം ശര്‍മയായിരുന്നു ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍. നിതീഷ് റാണ 25 റണ്‍സെടുത്തു. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റുമായി തിളങ്ങി. ക്യാപ്റ്റന്‍ ആര്യന്‍ ജുയാല്‍(23), മാധവ് കൗശിക്(13), പ്രിയം ഗാര്‍ഗ്(1), സമീര്‍ റിസ്വി(1), സിദ്ധാര്‍ത്ഥ് യാദവ്(19) എന്നിവരടങ്ങിയ മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ പത്താമനായി ഇറങ്ങി 30 റണ്‍സടിച്ച ശിവം ശര്‍മയാണ് ഉത്തര്‍പ്രദേശിനെ 150 കടത്തിയത്.

ഒമ്പതിന് 129 എന്ന സ്‌കോറില്‍ തകര്‍ന്ന ഉത്തര്‍പ്രദേശിനെ അവസാന വിക്കറ്റില്‍ 32 റണ്‍സടിച്ച ശിവം ശര്‍മ-അക്വിബ് ഖാന്‍ (3) സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. കേരളത്തിനായി അഞ്ച് വിക്കറ്റെടുത്ത ജലജ് സക്സേനക്ക് പുറമെ ബേസില്‍ തമ്പി രണ്ട് വിക്കറ്റെടുത്തു. ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്റെ പ്ലേയിംഗ് ഇലവനിലെത്തി.

Related posts

മരണ നിരക്ക് 97%, ഈ രോഗമുക്തി രാജ്യത്ത് അപൂര്‍വം; കോഴിക്കോട്ടുകാരന്‍റെ അമീബിക് മസ്തിഷ്‌ക ജ്വരം ഭേദമായി

Aswathi Kottiyoor

പരുമല സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇടിമിന്നലേറ്റ് വൻ നാശനഷ്ടം

Aswathi Kottiyoor

സ്കൂൾ സമയമാറ്റം ഇപ്പോഴില്ല, ഖാദർ കമ്മിറ്റിയുടെ എല്ലാ ശുപാർശകളും നടപ്പാക്കില്ല: വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox