പോക്സോ കേസിൽ പെടുത്തുമെന്ന് കമ്പളക്കാട് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയിൽ കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും വകുപ്പ്തല അന്വേഷണം നടക്കുക. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയതിന് പിന്നാലെയാണ് നടപടി. രണ്ട് അന്വേഷണത്തിനും എസ്പിയാണ് ഉത്തരവിട്ടിരിക്കുന്നത്. ബന്ധുക്കളുടെ പരാതി മാധ്യമങ്ങളിലൂടെ അടക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ സ്വമേധയ ആണ് അന്വേഷണമെന്ന് എസ് പി അറിയിച്ചു.
യുവാവിന്‍റെ ആത്മഹത്യയിൽ കമ്പളക്കാട് പൊലീസിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. പോക്സോ കേസിൽ പെടുത്തുമെന്ന ഭീഷണിയെ തുടർന്നാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം. കമ്പളകാട് പൊലീസിനെതിരെയാണ് ആരോപണം ഉയര്‍ന്നത്. എന്നാൽ, പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിൽ മാത്രമാണ് കേസെടുത്തതെന്നാണ് പൊലീസിന്‍റെ വാദം. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് പോക്സോക്കേസിൽപ്പെടുത്തിയെന്ന് ആരോപിച്ച് ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം പനമരം അഞ്ചുകുന്ന് സ്വദേശി രതിൻ ആത്മഹത്യ ചെയ്തത്. ഒരു പെൺകുട്ടിയുമായി ഓട്ടോയിൽ സംസാരിച്ചതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സ്ഥലത്ത് പൊലീസെത്തി രതിനെതിരെ കേസെടുക്കുന്നത്. എന്നാൽ, യുവാവിന്‍റേത് തെറ്റിദ്ധാരണ ആയിരുന്നെന്നും കേസടുത്തത് പൊതുസ്ഥലത്ത് പ്രശ്നം ഉണ്ടാക്കിയതിന് ആണെന്നുമാണ് കമ്പളക്കാട് പൊലീസിന്‍റെ വാദം. പൊലീസ് വാദം തെറ്റാണെന്ന് ആരോപിച്ച കുടുംബം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്. കടുത്ത ഭീഷണിക്ക് ഇരയായിട്ടാണ് രതിൻ ആത്മഹത്യ ചെയ്തത് എന്നാണ് ഉയരുന്ന ആക്ഷേപം.