2006 -ലാണ് കാക്കകള്‍ പ്രതികാരം ചെയ്യുമോ എന്ന പരീക്ഷണത്തിന് അദ്ദേഹം തുടക്കമിടുന്നത്. പരീക്ഷണത്തിനായി അദ്ദേഹം ഒരു പിശാചിന്‍റെ മുഖംമൂടി ധരിക്കുകയും ഏഴ് കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. പിന്നീട് ഇവയെ തിരിച്ചറിയുന്നതിനായി അദ്ദേഹം അവയുടെ ചിറകുകളില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയ ശേഷം പരിക്കുകളൊന്നുമില്ലാതെ സ്വതന്ത്രമാക്കി. എന്നാല്‍, പിന്നീട് ആ ഏഴ് കാക്കകളും തങ്ങളെ പിടികൂടിയ ആളെ തേടി നടന്നു. എപ്പോഴൊക്കെ കാമ്പസിലേക്ക് മാസ്കും ധരിച്ച് പ്രൊഫസർ ജോൺ മാർസ്‍ലഫ് എത്തിയോ അപ്പോഴൊക്കെ കാക്കകള്‍ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിച്ചു.
ഇത്തരം ആക്രമണങ്ങളില്‍ അവ ഏഴെണ്ണം മാത്രമായിരുന്നില്ല എന്നതാണ് പ്രൊഫസറെ അത്ഭുതപ്പെടുത്തിയത്. അതെ, ആ ആക്രമണങ്ങളിലെല്ലാം അവിടെയുണ്ടായിരുന്ന മറ്റ് കാക്കകളും പങ്കുചേര്‍ന്നു. കാക്കകളുടെ ഈ ആക്രമണം ഏഴ് വര്‍ഷത്തോളം തുടര്‍ന്നു. 2013 -ന് ശേഷം കാക്കകളുടെ ആക്രമണം പതുക്കെ കുറയാന്‍ തുടങ്ങി. ഒടുവില്‍ തന്‍റെ പരീക്ഷണം തുടങ്ങി 17 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, പ്രൊഫസർ ജോൺ മാർസ്‍ലഫ് മാസ്ക് ധരിച്ച് വീണ്ടും പുറത്തിറങ്ങി. പരീക്ഷണം ആരംഭിച്ച ശേഷം ആദ്യമായി കാക്കകള്‍ അദ്ദേഹത്തെ ആക്രമിച്ചില്ല.
കഴിഞ്ഞ 17 വര്‍ഷമായി താന്‍ കാക്കകളില്‍ നടത്തിയ പരീക്ഷണത്തിൽ നിന്നുള്ള ഫലങ്ങള്‍ ക്രോഡീകരിച്ച് ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫസർ ജോൺ മാർസ്‍ലഫ്. തന്‍റെ 17 വര്‍ഷത്തെ പഠനത്തിലൂടെ കാക്കകൾക്ക് സസ്തനികളിലെ അമിഗ്‍ഡാലയ്ക്ക് സമാനമായ മസ്തിഷ്ക മേഖലയുണ്ടെന്ന് മാർസ്ലഫ് കണ്ടെത്തി. ഇത് വികാരങ്ങൾ പ്രോസസ്സ് ചെയ്യുന്നതിന് ഉത്തരവാദിയായ തലച്ചോറിന്‍റെ ഭാഗമാണ്. കാക്കകൾക്ക് മനുഷ്യന്‍റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാൻ പോലും കഴിയുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. തങ്ങള്‍ക്കെതിരെ ആരെങ്കിലും നിന്ന് ഒരു ഭീഷണിയുണ്ടെന്ന് കണ്ടാല്‍ അയാളെ തിരിച്ചറിയാനും ഓര്‍ത്ത് വയ്ക്കാനും ഇത് മൂലം കാക്കകള്‍ക്ക് കഴിയുന്നു. മാത്രമല്ല, ഈ പക തങ്ങളുടെ കൂട്ടത്തിലെ മറ്റുള്ളവരിലേക്ക് കൈമാറാനും ഇതുവഴി ഒരു കൂട്ട ആക്രമണം നടത്താനും കാക്കകള്‍ക്ക് കഴിയുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.