കെ.എസ്.ആര്‍.ടി.സി. ദീര്‍ഘദൂര ബസുകള്‍ക്ക് 24 ഹോട്ടലുകളില്‍ക്കൂടി സ്റ്റോപ്പ് അനുവദിച്ചു. യാത്രക്കാര്‍ക്ക് നല്ല ഭക്ഷണം നല്‍കുന്നതിന് ഹോട്ടലുകളുമായി ധാരണയുണ്ട്.ശൗചാലയങ്ങള്‍ ഉള്‍പ്പെടെയുള്ള വൃത്തിയുള്ള ഭക്ഷണശാലകളാണ് തിരഞ്ഞെടുത്തിട്ടുള്ളത്. ഭക്ഷണ ഗുണനിലവാരവും വിലക്കുറവും പരിഗണിച്ചിട്ടുണ്ട്. എം.സി. റോഡ്, ദേശീയപാത എന്നിവയ്ക്ക് അരികിലെ ഹോട്ടലുകളാണിവ.
ഭക്ഷണം കഴിക്കുന്നതിനായി ബസ് നിര്‍ത്തുന്ന സമയവും സ്ഥലവും ഡ്രൈവര്‍കാബിനുപിന്നില്‍ പ്രദര്‍ശിപ്പിക്കും. ഭക്ഷണസ്റ്റോപ്പുകള്‍ യാത്രക്കാരെ ജീവനക്കാര്‍ നേരിട്ട് അറിയിക്കുകയും ചെയ്യും.
7.30 മുതല്‍ 9.30 വരെയാണ് പ്രഭാതഭക്ഷണസമയം. 12.30 മുതല്‍ രണ്ടുവരെയാണ് ഊണിനുള്ള സമയം.നാലിനും ആറിനും ഇടയ്ക്ക് ചായയ്ക്കും രാത്രി പത്തിനും പതിനൊന്നിനും ഇടയ്ക്ക് അത്താഴത്തിനും സ്റ്റോപ്പുണ്ടാകും. ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ സ്റ്റോപ്പ് പുനഃപരിശോധിക്കും.