“സിലിണ്ടറുകളിൽ നിന്നു പാചകവാതകം ചോർത്തി വെള്ളമോ മറ്റ് മായങ്ങളോ ചേർത്ത് ഏജൻസികളിൽ എത്തിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഇത്തരം തട്ടിപ്പു നടത്തുന്നതിനായി മാഫിയ പ്രവർത്തിക്കുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. സാമ്പത്തിക നഷ്ടത്തോടൊപ്പം മനുഷ്യ ജീവനു വരെ അപകടങ്ങൾക്കു കാരണമാകുന്നതാണിത്. ഇതുമായി ബന്ധപ്പെട്ട ലഭിച്ച പരാതി ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്”.
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ബോട്ലിങ് പ്ലാന്റിൽ നിന്ന് ഏജൻസികളിലേക്കു കൊണ്ടുപോകുന്ന പാചകവാതക സിലിണ്ടറുകളിൽ ദ്രവ വസ്തുക്കൾ കലർത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കലക്ടർ വി.ആർ.വിനോദ് അറിയിച്ചു.
ചേളാരി പ്ലാന്റിൽനിന്നു കൊണ്ടുപോകുന്ന സിലിണ്ടറുകളിൽ മായം കലർത്തുന്ന സംഘടിത മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായി കോഴിക്കോട് ജില്ലയിലെ ഒരു പാചകവാതക വിതരണ ഏജൻസി ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചേളാരിയിലെ ഇൻഡേൻ ബോട്ലിങ് പ്ലാന്റ് ചീഫ് പ്ലാന്റ് മാനേജർക്ക് മലപ്പുറം കലക്ടർക്കു നിവേദനം നൽകി സിലിണ്ടറുകളിൽ മായം കലർത്തി ഏജൻസികളിൽ എത്തിക്കുന്ന മാഫിയ പ്രവർത്തിക്കുന്നതായി സംശയിക്കുന്നതായും ഇതിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ആയിരുന്നു നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നത്. ഐഒസി ബ്രാൻഡിനു മോശം പ്രതിഛായ ഉണ്ടാകുന്നതിനും വിപണിയിൽ തിരിച്ചടിയുണ്ടാകുന്നതിനും ഇത് കാരണമാകുന്നതായും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. “ഏതാനും മാസങ്ങളായി ദ്രാവക രൂപത്തിലുള്ള എന്തോ വസ്തു കലർത്തിയ സിലിണ്ടറുകൾ ലഭിക്കുന്നു. രണ്ട് മാസത്തിനിടെ ഇത്തരത്തിലുള്ള എഴുപതോളം സിലിണ്ടറുകൾ ലഭിച്ചു. പ്ലാന്റിലെ ചില ഡ്രൈവർമാർക്ക് ഇതിൽ പങ്കുള്ളതായി സംശയിക്കുന്നു.” ഗ്യാസ് ഏജൻസി പൊലീസിന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.